കെ.രവീന്ദ്രനാഥൻനായർക്ക് നഗരസഭയുടെ ആദരവ് നവംബർ ആദ്യവാരം
ടൗൺ ഹാളിൽ വിപുലമായ ചടങ്ങ്
കൊല്ലം: മലയാള സിനിമയെ കൊല്ലത്തിന്റെ ഹൃദയത്തോട് ചേർത്ത് നിറുത്തിയ അച്ചാണി രവിയെന്ന രവി മുതലാളിക്ക് സ്നേഹാദരവ് നൽകാനൊരുങ്ങുകയാണ് നഗരസഭ. നവംബർ ആദ്യവാരം സി.കേശവൻ സ്മാരക ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം ഉത്സവപ്പകിട്ടോടെ ശ്രദ്ധേയമാക്കാനുള്ള ഒരുക്കം തുടങ്ങി. രവീന്ദ്രനാഥൻനായർ നിർമ്മിച്ച സിനിമകളിലൂടെ വെള്ളിത്തിരയിൽ മിന്നിതിളങ്ങിയ അന്നത്തെ താരങ്ങളിൽ മിക്കവരെയും പങ്കെടുപ്പിക്കാനാണ് ശ്രമം.
1967ൽ 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന സിനിമ നിർമ്മിച്ചാണ് രവിയും അദ്ദേഹത്തിന്റെ ജനറൽ പിക്ചേഴ്സും മലയാള സിനിമയുടെ ഭാഗമാകുന്നത്. സത്യനും മധുവും കെ.ആർ.വിജയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തുടർന്ന് ലക്ഷപ്രഭുവും കാട്ടുകുരങ്ങും പുറത്തിറങ്ങി. 1973ൽ പുറത്തിറങ്ങിയ 'അച്ചാണി' വൻ സാമ്പത്തിക വിജയം നേടിയതോടെ അദ്ദേഹം സിനിമാലോകത്ത് അച്ചാണി രവിയായി മാറി. പ്രേംനസീർ, നന്ദിത ബോസ്, സുധീർ, അടൂർഭാസി തുടങ്ങിയവർ അഭിനയിച്ച ആ സിനിമയുടെ സാമ്പത്തിക വിജയം അദ്ദേഹം നാടിന് സമർപ്പിച്ചതിന്റെ അടയാളമാണ് കൊല്ലം പബ്ലിക് ലൈബ്രറി. സർക്കാർ സ്ഥലം വിട്ടു നൽകിയതോടെ ലൈബ്രറി പൂർത്തിയായി. സാമ്പത്തിക ലാഭം ലക്ഷ്യം വച്ചല്ല അദ്ദേഹം സിനിമയെ പ്രണയിച്ചത്. പിന്നീട് അരവിന്ദനൊപ്പമായി അദ്ദേഹത്തിന്റെ സിനിമാലോകം. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്‌തപ്പാൻ, പോക്കുവെയിൽ എന്നിങ്ങനെ അഞ്ച് സിനിമകൾ. സംസ്ഥാന - ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ അരവിന്ദനും സിനിമകളും അവാർഡുകൾ വാരിക്കൂട്ടി. പിന്നീടാണ് അടൂർ ഗോപാലകൃഷ്‌ണന്റെ എലിപ്പത്തായം പിറവിയെടുക്കുന്നത്. എം.ടി.വാസുദേവൻനായർ സംവിധാനം ചെയ്‌ത മഞ്ഞും മുഖാമുഖവും 1983ൽ ജനറൽ പിക്ചേഴ്സിന്റേതായി പുറത്തിറങ്ങി.
മമ്മൂട്ടിയെയും ശോഭനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അടൂർ സംവിധാനം ചെയ്‌ത അനന്തരവും 1994ൽ പുറത്തിറങ്ങിയ അവസാന ചിത്രം വിധേയനും അവാർഡുകൾ വാരിക്കൂട്ടി. ബാലചന്ദ്രമേനോന്റെ ഉത്രാടരാത്രിയും അരവിന്ദന്റെ ഉത്തരായനവും ജനറൽ പിക്ചേഴ്സാണ് വിതരണം ചെയ്തത്. സിനിമയിൽ മാത്രമല്ല കൊല്ലത്തിന്റെ പൊതുജീവിതത്തോടും ചേർന്ന് നിൽക്കുന്നതാണ് രവി മുതലയാളിയെന്ന പേര്.
സിനിമയിലെ പ്രമുഖരെത്തും
അടൂർ ഗോപാലകൃഷ്‌ണൻ, നെടുമുടി വേണു, ജലജ, ഷാജി എൻ.കരുൺ, മധു, ഷീല, ശാരദ തുടങ്ങി മലയാള സിനിമയിലെ പഴയ തലമുറയെ ഒന്നാകെ സമ്മേളനത്തിൽ എത്തിക്കാനാണ് ശ്രമം. മലയാള സിനിമയിൽ കൊല്ലത്തിന്റെ മുദ്ര ചാർത്തിയ അച്ചാണി രവിയെ ആദരിക്കാൻ ഇവരിൽ മിക്കവരും എത്തുമെന്നാണ് പ്രതീക്ഷ.