പരവൂർ: കൗൺസിലറുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിലൂടെ പരവൂർ ടൗൺ വാർഡിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ഭൂമിയായി. വാർഡിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന പ്രൈമറി ഹെൽത്ത് സെന്ററിന്റെ സബ്സെന്ററിനും അംഗൻവാടിക്കും സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിനായി അഞ്ച് സെന്റ് ഭൂമിയാണ് ഇതോടെ ലഭ്യമായത്.
പൊതുജന സഹകരണത്തോടെ ടൗൺ വാർഡ് കൗൺസിലർ സ്വർണ്ണമ്മ സുരേഷിന്റെ നേതൃത്വത്തിലാണ് ഭൂമിക്കായി പണം സ്വരൂപിച്ചത്. അംഗൻവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങളും യജ്ഞത്തിൽ പങ്കാളികളായി. വാർഡിലെ ഓരോ വീടുകളിലും നേരിട്ടെത്തി സമാഹരിച്ച തുക ചെലവഴിച്ച് മൂന്ന് സെന്റ് ഭൂമിയും വാങ്ങി. ഇതോടൊപ്പം വാർഡ് സ്വദേശി പ്രേമകുമാരി ഭർത്താവ് സരോജനേത്രൻ പിള്ളയുടെ ഓർമ്മയ്ക്കായി രണ്ട് സെന്റ് ഭൂമി വിട്ടുനൽകുകയായിരുന്നു.
അഞ്ച് സെന്റ് ഭൂമി പരവൂർ മുനിസിപ്പാലിറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്തു. ചെയർമാൻ കെ.പി. കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലർ ഭൂമി രജിസ്റ്റർ ചെയ്ത പ്രമാണം മുനിസിപ്പൽ സെക്രട്ടറി എ. നൗഷാദിന് കൈമാറി