c
എ.ഐ.എസ്.എഫ്

കൊല്ലം: കായികാദ്ധ്യാപകരുടെ സമരത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ അത്‌ലറ്റിക് മീറ്റ് സബ്‌ജില്ലാ തലം മുതൽ അപാകതകളില്ലാതെ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കായികാദ്ധ്യാപകരുടെ സമരംമൂലം സബ്‌ജില്ല -ജില്ല ഗെയിംസ് മത്സരങ്ങളുടെ നടത്തിപ്പ് താറുമാറായിരുന്നു. പല സബ് ജില്ലകളിലും മത്സരങ്ങൾ നടത്താതെയാണ് വിദ്യാർഥികളെ ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. ഇതുമൂലം ജില്ലാ മത്സരങ്ങൾ പലതവണ സംഘർഷത്തിലുമെത്തി. സബ് ജില്ലാ അത്‌ലറ്റിക് മീറ്റ് ആരംഭിക്കുന്നതിന് ഒരാഴ്‌ച മുൻപ് സ്‌കൂളുകളെ അറിയിക്കണം. മത്സരങ്ങൾ ഒരുമിച്ച് നടത്തരുത്, പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കണം, യോഗ്യതയുള്ള ഒഫീഷ്യലുകകളെ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കണം, അപകടരഹിതമായി മത്സരങ്ങൾ സംഘടിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും എ.ഐ.എസ്.എഫ് ഉന്നയിച്ചു.

ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടറുമായി എ.ഐ.എസ്.എഫ് ജില്ല നേതാക്കൾ ചർച്ച നടത്തി. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുരാജ്.എസ്.പിള്ള, സെക്രട്ടറി എ.അധിൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി യു.കണ്ണൻ , സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സന്ദീപ് അർക്കന്നൂർ,സംസ്ഥാന കമ്മിറ്റി അംഗം ഡി.എൽ.അനുരാജ് തുടങ്ങിയവർ പങ്കെടുത്തു.