നിർമ്മാണ പ്രവർത്തനങ്ങളിൽ വൻ അപാകത
മലിനജല പ്ലാന്റിലേക്ക് മഴവെള്ളം ഒഴുകിയെത്തുന്നു
അടുത്തിടെ പുനർനിർമ്മിച്ച ചുറ്റുമതിൽ വീണ്ടും തകർന്നു
ബയോഗ്യാസ് പ്ലാന്റ് രണ്ട് മാസം പോലും പ്രവർത്തിച്ചില്ല
ശുചിമുറിയിൽ വെള്ളം ഒഴുകിപ്പോകില്ല
കൊല്ലം: പള്ളിമുക്ക് ചന്തയിലെ അസഹ്യമായ ദുർഗന്ധത്തിന് കാരണം നഗരസഭയിലെ എൻജിനിയറിംഗ് വിഭാഗം കരാറുകാരുമായി ചേർന്ന് നടത്തിയ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം ഉയരുന്നു. അശാസ്ത്രീയമായ എസ്റ്റിമേറ്റും കരാറിലെ വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമ്മാണ പ്രവൃത്തികളുമാണ് പള്ളിമുക്ക് ചന്തയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ഷേപം.
20 ലക്ഷം പാഴായി
കഴിഞ്ഞ വർഷം നഗരസഭ 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് ചന്ത നവീകരിച്ചിരുന്നു. ഇതിന്റെ ഒരു ലക്ഷണവും ഇപ്പോൾ ചന്തയിൽ കാണാനില്ല. ചന്തയുടെ ചുറ്റുമതിലിന്റെ പുനർനിർമ്മാണവും നവീകരണത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ചന്തയുടെ കിഴക്ക് ഭാഗത്തെ ചുറ്റുമതിൽ ഇപ്പോൾ ഏത് നിമിഷവും നിലംപൊത്തിയേക്കാം എന്ന അവസ്ഥയിലാണ്.
അശാസ്ത്രീയ നിർമ്മാണങ്ങൾ
ചന്തയിലെ മലിനജല സംഭരണി അശാസ്ത്രീയമായാണ് നിർമ്മിച്ചിരിക്കുന്നത്. മലിനജലത്തിന് പുറമേ മഴവെള്ളവും കഷ്ടിച്ച് പത്ത് അടി താഴ്ചയുള്ള സംഭരണിയിലേക്കാണ് ഒഴുകിയെത്തുന്നത്. ആവശ്യത്തിന് വിസ്തൃതി ഇല്ലാത്തതിനാൽ മൂന്ന് ദിവസം കൂടുമ്പോൾ സംഭരണിയിൽ നിന്ന് മലിനജലം നീക്കേണ്ട അവസ്ഥയാണ്. മഴ പെയ്താൽ ഒറ്റ ദിവസം കൊണ്ട് തന്നെ സംഭരണി നിറയും. ഇതേ നിലയിലാണ് ചന്തയിലെ ശുചിമുറിയും. വെള്ളം ഒഴുകിപ്പോകാൻ ശരിയായ സംവിധാനം ഇല്ലാത്തതിനാൽ കെട്ടിനിൽക്കും. ഇത് മറയ്ക്കാൻ ശുചിമുറിയിലേക്കുള്ള ജലവിതരണം നിലവിൽ നിറുത്തി വച്ചിരിക്കുകയാണ്.
ആയുസില്ലാത്ത ബയോഗ്യാസ് പ്ളാന്റ്
ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ബയോ ഗ്യാസ് പ്ലാന്റ് കഷ്ടിച്ച് രണ്ട് മാസം മാത്രമാണ് പ്രവർത്തിച്ചത്. ഇതിന് ശേഷം വീണ്ടും ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ആശാസ്ത്രീയ നിർമ്മാണമാണ് ബയോഗ്യാസ് പ്ലാന്റിനെയും ഈ അവസ്ഥയിലെത്തിച്ചത്.