പരവൂർ: കടത്ത് സർവീസിൽ നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട് കലയ്ക്കോട് നെല്ലേറ്റിൽ കടവിന്. എന്നാലിന്ന് ആവശ്യത്തിന് വള്ളങ്ങൾ സർവീസിനില്ലാത്തതിനാൽ വിസ്മൃതിയിലേക്ക് ആണ്ടുപോകുന്ന സ്ഥിതിയാണ് ഈ കടവും ഇവിടത്തെ കടത്തുസർവീസും.
ഹരിഹരപുരം, തോണിപ്പാറ, നെല്ലേറ്റിൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കാപ്പിൽ, ഇടവ, വർക്കല എന്നിവിടങ്ങളിലേക്ക് എത്താനുള്ള എളുപ്പ മാർഗമാണ് നെല്ലേറ്റിൽ കടവിലെ കടത്തുവള്ളം. നെല്ലേറ്റിൽ കടവിൽ നിന്ന് കാപ്പിൽ കടവിലേക്ക് കായൽ മാർഗം എത്താൻ രണ്ട് കിലോമീറ്റർ തികച്ചില്ല. എന്നാൽ വള്ളങ്ങലുടെ അപര്യാപ്തത മൂലം പരവൂർ വഴി പതിനാറ് കിലോമീറ്റർ ചുറ്റി വേണം കാപ്പിൽ എത്താൻ.
കടത്ത് നിലനിറുത്തേണ്ടത് അത്യാവശ്യം
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് സർവീസ് നിലയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് അധികൃതർ പറയുന്നത്. അതേസമയം രാവിലെ സ്കൂൾ വിദ്യാർത്ഥികളുൾപ്പെടെയുള്ള സ്ഥലവാസികളുടെ ആശ്രയമാണ് നെല്ലേറ്റിൽ കടവിലെ കടത്ത്. കടത്ത് സർവീസ് കാര്യക്ഷമമായാൽ സമയലാഭവും സാമ്പത്തിക ലാഭവും ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
നെല്ലേറ്റിൽ കടവിലെ കടത്ത് സർവീസുകൾ
പൂതക്കുളം പഞ്ചായത്തിന്റേതുൾപ്പെടെ മൂന്ന് വള്ളങ്ങളാണ് നിലവിൽ നെല്ലേറ്റിൽ കടവിൽ നിന്ന് സർവീസ് നടത്തുന്നത്. ആദ്യകാലത്ത് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അര മണിക്കൂർ ഇടവിട്ട് ഇരുപത് സർവീസുകളും വൈകിട്ട് 6.30 മുതൽ രാത്രി 10 വരെ നാല് സർവീസുകളും കാപ്പിൽ കടവിലേക്കുമുണ്ടായിരുന്നു. എന്നാൽ നിലവിൽ ദിവസം ഏകദേശം പത്ത് സർവീസുകൾ മാത്രമായി ഇത് ചുരുങ്ങിയിരിക്കുകയാണ്.
ബോട്ട് സർവീസ് വേണം
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായിരുന്നു ഇവിടത്തെ രണ്ട് വള്ളങ്ങൾ ആദ്യകാലത്ത് സർവീസ് നടത്തിയിരുന്നത്. ഏതാനും വർഷങ്ങൾക്കു മുമ്പാണ് പൂതക്കുളം പഞ്ചായത്ത് ഇതേറ്റെടുത്തത്. അതേസമയം നാളിതുവരെയും അറ്റകുറ്റപ്പണികൾ നടത്താത്ത വള്ളങ്ങളാണ് ഇവിടെ സർവീസ് നടത്തുന്നതെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്. കാറ്റും മഴയും ഉള്ളപ്പോൾ വള്ളം ഇറക്കുന്നത് അപകടമാണ്. ഇതേതുടർന്ന് ബോട്ട് സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും ഇതുവരെയും നടപടിയായിട്ടില്ല.
ബോട്ട് ജെട്ടിയും നാശത്തിലേയ്ക്ക്
ദേശീയ ജലപാതയുടെ ഭാഗമായി പത്ത് വർഷങ്ങൾക്ക് മുമ്പ് നെല്ലേറ്റിൽ കടവിൽ നിർമ്മിച്ച ബോട്ട് ജെട്ടിയും ജീർണാവസ്ഥയിലാണ്. ജെട്ടിയുടെ തറ ഇടിഞ്ഞും കൈവരികൾ തുരുമ്പെടുത്തും കോൺക്രീറ്റ് ബീമുകൾ തകർന്നതുമായ അവസ്ഥയിലാണ് നിലവിൽ ബോട്ട് ജെട്ടി.