15-ാം പ്രതിയുടെ ജാമ്യം റദ്ദാക്കി
കൊല്ലം: ഒൻപത് വർഷം മുൻപ് കൊല്ലം കേന്ദ്രമാക്കി നടന്ന പി.എസ്.സി തട്ടിപ്പ് പരമ്പരയിലെ ബിവറേജസ് കോർപ്പറേഷൻ എൽ.ഡി ക്ലർക്ക് തസ്തികയിലെ കേസിൽ ഇന്നലെ ആരംഭിക്കാനിരുന്ന വിചാരണ മാറ്റിവച്ചു. കേസിലെ രണ്ട് പ്രതികൾ ഹാജരാകാത്തതിനെ തുടർന്നാണ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നിശ്ചയിച്ചിരുന്ന വിചാരണ മാറ്റിയത്.
കേസിലെ അഞ്ചാം പ്രതി സുനിൽദാസ്, 15-ാം പ്രതി മിറാഷ് എന്നിവരാണ് ഹാജരാകാതിരുന്നത്. ഇതിൽ മിറാഷിന്റ ജാമ്യം റദ്ദാക്കാൻ കോടതി നിർദ്ദേശിച്ചു. ജാമ്യക്കാർക്ക് നോട്ടീസും അയയ്ക്കും.
വ്യാജ ഹാൾ ടിക്കറ്റ് തരപ്പെടുത്തി പരീക്ഷാ ഹാളിൽ കയറിയവർ ചോദ്യപേപ്പർ വരാന്തയിലൂടെ പുറത്ത് എറിഞ്ഞു. ഈ ചോദ്യ പേപ്പറുകൾ ഉപയോഗിച്ച് ഹാളിൽ മൊബൈൽ ഫോണും ഇയർ ഫോണുമായി കടന്നവർക്ക് ഉത്തരങ്ങൾ കൈമാറിയെന്നാണ് കേസ്. 2010 നവംബർ 27നായിരുന്നു പരീക്ഷ. പത്ത് പേരാണ് മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ ലഭിച്ച് പരീക്ഷയെഴുതി. ഇവർ സഹിതം 15 പേരാണ് കേസിലെ പ്രതികൾ.
എസ്.ഐ പരീക്ഷാ തട്ടിപ്പിലെ
വിടുതൽ ഹർജിയിൽ ഇന്ന് വിധി
പി.എസ്.സിയുടെ എസ്.ഐ പരീക്ഷയിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ ഏഴാം പ്രതിയും ബിവറേജസ് കോർപ്പറേഷൻ ക്ലാസ് ഫോർ പരീക്ഷാ തട്ടിപ്പ് കേസിലെ 14-ാം പ്രതിയുമായ ഷിജു സമർപ്പിച്ച വിടുതൽ ഹർജിയിൽ ചീഫ് ജുഡിഷ്യൽ മജസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും. 2010 ഒക്ടോബർ 10ന് നടന്ന എസ്.ഐ പരീക്ഷയിൽ കൊട്ടിയം സി.എഫ്.എച്ച്.എസിലെ പരീക്ഷാ ഹാളിൽ ശരീരത്തിൽ മൊബൈൽ ഒളിപ്പിച്ചെത്തിയ ഷിജു ഇയർ ഫോണിലൂടെ ഉത്തരങ്ങൾ കേട്ടെഴുതിയെന്നാണ് ഒരു കേസ്. ബിവറജേസ് ക്ലാസ് ഫോർ പരീക്ഷയെഴുതിയ പരീക്ഷാർത്ഥിക്ക് ഫോണിലൂടെ ഉത്തരങ്ങൾ പറഞ്ഞുനൽകിയെന്നാണ് ഷിജുവിനെതിരെയുള്ള രണ്ടാമത്തെ കേസ്.