vv
റെയിൽ പാളത്തിലെ വിള്ളൽ

 കണ്ടെത്തിയത് രണ്ടു യുവാക്കൾ, ജാഗ്രതയോടെ ഗേറ്റ് കീപ്പർ

കൊല്ലം: കൊല്ലം -പുനലൂർ പാതയിൽ ട്രാക്കിലെ വിള്ളൽ യഥാസമയം നാട്ടുകാരായ രണ്ടു യുവാക്കൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് താംബരം എക്സ് പ്രസ് ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. അവർ അറിയിച്ച പ്രകാരം ഗേറ്റ് കീപ്പർ ഉടൻ കുണ്ടറ സ്റ്റേഷനിലേക്ക് അപായ സൂചന നൽകി. ഈ സമയം, എഗ്മൂറിൽ നിന്ന് കൊല്ലത്തേക്കുള്ള താംബരം എക്സ്പ്രസ് കുണ്ടറ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു.ട്രെയിൻ അവിടെ പിടിച്ചിട്ടു. ഇരുപതു മിനിട്ട് വ്യത്യാസത്തിലാണ് അപകടം ഒഴിവായത്.

കിളികൊല്ലൂർ - ചന്ദനത്തോപ്പ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ കരിക്കോട് റെയിൽവേ ഗേറ്റിന് സമീപം ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് വിള്ളൽ കണ്ടത്. രാവിലെ മഴയത്ത് ട്രാക്കിലൂടെ നടന്നുവരുകയായിരുന്ന സ്ഥലവാസികളായ മനോജ്, കണ്ണൻ എന്ന യുവാക്കളാണ് വിള്ളൽ കണ്ടത്. അവർ ഇക്കാര്യം ഗേറ്റ് കീപ്പർ രഞ്ജുവിന്റെ ശ്രദ്ധയിൽപ്പെടുത്തി.രഞ്ജു സമീപ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി.

പാളങ്ങളെ ബലപ്പെടുത്തുന്ന പുഷ് പ്ലേറ്റ് ഉൾപ്പെടെ പൊട്ടിമാറിയ അവസ്ഥയിലായിരുന്നു. ഏഴരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇരുപതു മിനിട്ടുകൂടി കഴിഞ്ഞിരുന്നെങ്കിൽ താംബരം എക്സ് പ്രസ് ഇതുവഴി കടന്നുപോകുമായിരുന്നു. റെയിൽവേയുടെ ജീവനക്കാരെത്തി താല്ക്കാലികമായി വെൽഡ് ചെയ്ത് വിള്ളൽ അടച്ചു. തുടർന്ന് ട്രെയിനുകൾ വേഗത കുറച്ച് കടത്തിവിട്ടു.വിള്ളലുണ്ടാകാൻ കാരണം കാലാവസ്ഥ വ്യതിയാനമെന്ന് റെയിൽവേ അധികൃതർ പറയുന്നു.