പുനലൂർ: കനത്ത മഴയ്ക്ക് ഒപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ വൃക്ഷം കടപുഴകി വീണു ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി. ഇന്നലെ രാവിലെ 11.15ന് തെന്മല എം.എസ്.എല്ലിൽ ആയിരുന്നു സംഭവം. ജീർണിച്ച മരമാണ് വീണത്. തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കും, തിരിച്ചും പോകേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ അടക്കമുളള വാഹനങ്ങൾ ഒന്നര മണിക്കൂറോളം വനപാതയിൽ കുടുങ്ങി. പുനലൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് മരം മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. പുനലൂർ മുതൽ കോട്ടവാസൽ വരെയുളള ഭാഗങ്ങളിൽ കാലപ്പഴക്കത്തെ തുടർന്ന് ഭീഷണിയായ 150ൽ അധികം വൃക്ഷങ്ങളുണ്ട്.ചില മരങ്ങൾ മുറിച്ച് നീക്കിയിരുന്നു. ശേഷിക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.