iskaf
കടപ്പാക്കട സ്പോർട്സ് ക്ലബിൽ ഇസ്‌കഫ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ കെ. ജയകുമാർ സംസാരിക്കുന്നു. മുല്ലക്കര രത്നാകരൻ എം.എൽ.എ,​ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് തുടങ്ങിയവർ സമീപം

കൊല്ലം: പ്രശ്നഭരിതമായ ലോകത്ത് ആശയപരമായ അഭയം തേടുന്നവർക്ക് ഗാന്ധിജിയാണ് ഉത്തരമെന്ന് ഡോ. കെ. ജയകുമാർ പറഞ്ഞു. ആഗോള താപനമായാലും അഴിമതിയുടെ അതിപ്രസരമായാലും സമകാലിക പ്രശ്നങ്ങൾക്കെല്ലാം ഗാന്ധിജിയുടെ ആശയലോകത്ത് ഉത്തരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഇസ്‌കഫ് കടപ്പാക്കട സ്‌പോർട്സ് ക്ലബിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ 'ഗാന്ധിജിയുടെ മതവീക്ഷണം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഡോ. കെ. ജയകുമാർ.
സമസ്ത ജീവജാലങ്ങൾക്കും ആധാരമായിട്ടുള്ള ശക്തി എന്തെന്ന് അറിയാനുള്ള തീവ്രമായ ഉപാസനയായിരുന്നു ഗാന്ധിജിക്ക് മതം. എന്റെ മതമാണ് വിശിഷ്ടമെന്ന് ധരിക്കുകയും, ഉള്ളിന്റെയുള്ളിൽ സ്പർദ്ധ വച്ചുപുലർത്തുകയും, മതനിരപേക്ഷതയെന്ന് നീട്ടിപ്പാടുകയും ചെയ്യുമ്പോൾ നാം ഗാന്ധിജിയിൽ നിന്ന് ഏറെ അകലുകയാണ്. ഭഗവദ് ഗീതയും ഈശാവാസ്യോപനിഷത്തുമായിരുന്നു ഗാന്ധിജിയുടെ വഴികാട്ടി. ഒരു ധൂളിയെപ്പോലെ അനാസക്തമായി ജീവിച്ച്, സ്വാർത്ഥ വിചാരമില്ലാതെ, എന്റെ ജീവിതം തന്നെ എന്റെ സന്ദേശം എന്നുപറഞ്ഞ ഗാന്ധിജിയെ മനസിലാക്കാനുള്ള നമ്മുടെ കഴിവുകൾക്ക് ക്ഷതമേ​റ്റതായും ഡോ. ജയകുമാർ അഭിപ്രായപ്പെട്ടു.
'ഗാന്ധിജിയുടെ ഭാഷാസങ്കൽപ്പം' എന്ന വിഷയത്തിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എസ്. സുലഭ സംസാരിച്ചു. ബി. സുധാകരൻ നായർ സ്വാഗതവും ജി. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.