കൊല്ലം: കാറിലെത്തിയ യുവാവ് കെ.എസ്.ആർ.ടി.സിബസ് തടഞ്ഞുനിർത്തിയ ശേഷം ഡ്രൈവറെ മർദ്ദിച്ചു. കായംകുളം സ്റ്റാൻഡിലെ ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ബൈജു പൗലോസാണ് മർദ്ദനത്തിന് ഇരയായത്.
ഇന്നലെ രാത്രി 7.30 ഓടെ ഉമയനല്ലൂർ ജംഗ്ഷന് സമീപമായിരുന്നു സമീപം. തിരുവനന്തപുരത്ത് നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറിനെ മാരുതി വാഗൺ ആർ കാർ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്ത് കുറുക്ക് വച്ചു. കാറിൽ നിന്നും പുറത്തിറങ്ങിയ യുവാവ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. യാത്രക്കാർ തടയാൻ ശ്രമിച്ചെങ്കിലും പിടിച്ചുതള്ളിമാറ്റിയ ശേഷം ഡ്രൈവറെ നിലത്ത് തള്ളിയിട്ട് ചവിട്ടുകയും ചെയ്തു. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ ഡ്രൈവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബസ് സംഭവ സ്ഥലത്ത് വച്ച് സർവീസ് അവസാനിപ്പിച്ചു. ചാത്തന്നൂർ ഡിപ്പോയിൽ നിന്നും മറ്റൊരു ബസെത്തിച്ചാണ് യാത്രക്കാരെ കൊണ്ടുപോയത്. പൊലീസ് എത്തിയെങ്കിലും കാർ ഒതുക്കിയിടാനെന്ന വ്യാജേന യുവാവ് കടന്നുകളഞ്ഞു. യാത്രയ്ക്കിടയിൽ യുവാവുമായി യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ആകാരണമായാണ് മർദ്ദിച്ചതെന്നും ബൈജു പൗലോസ് പറഞ്ഞു. കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.