photo
മൈൻ ചെയ്ത ശേഷം റീ ഫില്ല് ചെയ്യാതെ ഇട്ടിരിക്കുന്ന കുഴികൾ

കരുനാഗപ്പള്ളി: ചവറ ഐ.ആർ.ഇ കമ്പനി വെള്ളനാതുരുത്ത് യോഗീശ്വൻ ക്ഷേത്രത്തിന് സമീപം മൈൻ ചെയ്യുന്ന സ്ഥലം യഥാസമയം മണ്ണിട്ട് നികത്തുന്നതിൽ അനാസ്ഥ കാട്ടുന്നതായി ഭൂ ഉടമകളുടെ പരാതി. കരിമണൽ ഖനനം ചെയ്യുന്ന സ്ഥലം വേസ്റ്റ് മണ്ണിട്ട് നികത്തി പ്ലാന്റേഷൻ നടത്തി മൂന്ന് വർഷത്തിന് ശേഷം ഭൂ ഉടമകൾക്ക് തിരികെ നൽകണമെന്നാണ് കരാറിലെ വ്യവസ്ഥ. യോഗീശ്വരൻ മൈനിംഗ് സൈറ്റിൽ ഖനനം തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്നു. 73 ഭൂ ഉടമകളിൽ നിന്നായി 2.04 ഏക്കർ ഭൂമിയാണ് ലീസ് പാക്കേജ് പ്രകാരം കമ്പനി ഏറ്റെടുത്തത്. ഭൂ നിരപ്പിൽ നിന്ന് 12 മീറ്ററോളം ആഴത്തിൽ കിറ്റാച്ചി ഉപയോഗിച്ചാണ് മൈൻ ചെയ്യുന്നത്. രണ്ട് വർഷത്തിനുള്ളിൽ 60 ശതമാനത്തോളം സ്ഥലത്ത് മൈനിംഗ് നടത്തിയെന്ന് തൊഴിലാളികൾ പറയുന്നു. എന്നാൽ കുറച്ച് സ്ഥലം മാത്രമാണ് ഈ കാലയളവിനുള്ളിൽ മണ്ണിട്ട് റീ ഫില്ല് ചെയ്തത്. മൈൻ ചെയ്യുന്ന സ്ഥംലം ഇപ്പോൾ മുതൽ റീഫില്ല് ചെയ്തെങ്കിൽ മാത്രമേ മൂന്ന് വർഷത്തിന് ശേഷം ഭൂമി തിരികെ നൽകുമ്പോൾ ഭൂ ഉടമയ്ക്ക് വീട് വെയ്ക്കാൻ സാധിക്കൂ. ഇക്കാര്യം കമ്പനിക്കും വ്യക്തമായി അറിയാവുന്നതാണ്. നിലവിൽ യോഗീശ്വൻ മൈനിംഗ് സൈറ്റിൽ കുറച്ച് സ്ഥലം റീഫില്ല് ചെയ്ത് 35 ഓളം തെങ്ങിൻ തൈകൾ നട്ടതായി നാട്ടുകാർ പറയുന്നു.

2 വർഷം മുമ്പാണ് യോഗീശ്വരൻ മൈനിംഗ് സൈറ്റിൽ ഖനനം ആരംഭിച്ചത്

73 ഭൂ ഉടമകളിൽ നിന്നായി 2.04 ഏക്കർ ഭൂമിയാണ് ലീസ് പാക്കേജ് പ്രകാരം കമ്പനി ഏറ്റെടുത്തത്.

ഭൂ നിരപ്പിൽ നിന്ന് 12 മീറ്ററോളം ആഴത്തിലാണ് മൈൻ ചെയ്യുന്നത്.

വേസ്റ്റ് മണ്ണ് മൈനിംഗ് സൈറ്റിലെത്തിക്കുന്നത് ടിപ്പർ ലോറികളിൽ

മൈൻ ചെയ്യുന്ന റാസാന്റിൽ നിന്നും ധാതു മണൽ വേർതിരിച്ച ശേഷം വരുന്ന വേസ്റ്റ് മണൽ ഉപയോഗിച്ചാണ് കുഴികൾ നികത്തേണ്ടത്. വൈള്ളനാതുരുത്തിലെ മിനി സെപ്പറേഷൻ പ്ലാന്റിലാണ് മണ്ണ് വേർതിരിക്കുന്നത്. ഇവിടെ നിന്നും പൈപ്പ് മാർഗം വേസ്റ്റ് മണൽ മൈനിംഗ് സൈറ്റിൽ എത്തിക്കാനുള്ള സാങ്കേതിക മാർഗം കമ്പനിക്കുണ്ട്. എന്നിരുന്നാലും കമ്പനി ഈ മാർഗം പ്രയോജനപ്പെടുത്താതെ ടിപ്പർ ലോറികളിൽ വേസ്റ്റ് മണ്ണ് മൈനിംഗ് സൈറ്റിൽ എത്തിക്കുന്നതിന് കരാർ നൽകുകയാണ് ചെയ്യുന്നത്.

കമ്പനിയുടെ മെല്ലപ്പോക്ക്

കമ്പനിയുടെ മെല്ലപ്പോക്ക് മൂലം മൂന്ന് വർഷം കഴിഞ്ഞാലും ഭൂമി റീ ഫില്ല് ചെയ്ത് തിരികെ ലഭിക്കാൻ കാലതാമസം ഉണ്ടാവാനാണ് സാദ്ധ്യത. മൂന്ന് വർഷത്തിന് ശേഷം ഭൂമി റീ ഫില്ല് ചെയ്തു ഭൂഉടമകൾക്ക് നൽകിയില്ലെങ്കിൽ കമ്പനി ഭൂ ഉടമകൾക്ക് നഷ്ട പരിഹാരം നൽകണമെന്നും കരാറിൽ വ്യവസ്ഥയുള്ളതായി ഭൂ ഉടമകൾ പറയുന്നു. കമ്പനിയുടെ മൈനിംഗ് സൈറ്റിൽ നിലവിലുള്ള ശാസ്ത്ര സാങ്കേതിക വിദ്യ പൂർണമായും പ്രയോജനപ്പെടുത്തി മൈൻ ചെയ്യുന്ന സ്ഥലം യഥാസമയം നികത്തുന്നതിനാവശ്യമായ നടപടി കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് വസ്തു ഉടമകളുടെ ആവശ്യം.