കുട്ടികളിലെ സ്ഥിരം രോഗങ്ങളിൽ ഒന്നാമത്തേതാണ് ആസ്തമ. ഇതിന്റെ കാഠിന്യവും തുടർന്ന് പോകാനുള്ള സാദ്ധ്യതയും വൈവിദ്ധ്യമേറിയതും പ്രവചനാതീതവുമാണ്. എങ്കിലും കൂടുതലും താത്കാലികവും കാഠിന്യം കുറഞ്ഞതുമാണ്. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലെ ആസ്തമ കണ്ടുപിടിക്കാൻ പ്രയാസവും രോഗലക്ഷണങ്ങൾ വൈവിദ്ധ്യമേറിയതുമാണ്. ശ്വാസകോശ നാളികളുടെ ചുരുക്കവും ശ്ളേഷ്മ സ്തരത്തിന്റെ നീർവീഴ്ചയും നീരിന്റെ അധിക ഉത്പാദനവും വിവിധ രക്താണുക്കളുടെ കൂട്ടം കൂടുതലുമാണ് രോഗത്തിന് കാരണം.
അണുബാധ, രോഗപ്രതിരോധ വ്യവസ്ഥ, ഞരമ്പുകളുടെ സ്വാധീനം, മാനസിക ഘടകങ്ങൾ എന്നിവയെല്ലാം ചേർന്നാണ് ആസ്തമ കുട്ടികളിൽ ഉണ്ടാകുന്നത്.
ലക്ഷണങ്ങൾ
പെടുന്നനെയോ മെല്ലയോ പ്രത്യക്ഷപ്പെടാം. വിട്ടുമാറാത്ത ചുമയാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. കഫം ഇല്ലാത്തതും ശബ്ദം ഏറിയതുമായ ചുമ ഇതിന്റെ പ്രത്യേകതയാണ്. ശ്വാസം മുട്ടലും കുറുങ്ങലും ശ്വാസം വിടുമ്പോൾ ശബ്ദം (വിസിലടി പോലെ) കേൾക്കുക, ശ്വാസോച്ഛാസ നിരക്ക് വർദ്ധനവ്, ശ്വാസതടസം, നീളത്തിൽ ശ്വാസം വിടൽ, കഴുത്തിന്റെ പേശികളുടെ പ്രകടാവസ്ഥ, ശരീരത്തിന് നീലനിറം വരൽ, ഉന്തിയ നെഞ്ചിൻകൂട് എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.
രോഗനിർണയം
രക്തം, കഫം എന്നിവയുടെ പരിശോധന, ഇതിൽ ഇയോസിനോഫില്ലിന്റെ ആധിക്യം. എക്സ്റേ പരിശോധന, പി.എഫ്.ടി എന്നിവ രോഗനിർണയത്തിന് സഹായകമാണ്. ഒരു ശ്വാസകോശ രോഗ വിദഗ്ദ്ധന് ലക്ഷണങ്ങളിൽ നിന്നുതന്നെ രോഗനിർണയം നടത്താനാകും. ജന്മനായുള്ള ശ്വാസകോശ രോഗങ്ങൾ, വിവിധതരം അണുബാധകൾ, ശ്വാസനാളികളിൽ അകപ്പെട്ട വസ്തുക്കൾ (കപ്പലണ്ടി പോലുള്ളവ) അലർജിക് രോഗങ്ങൾ എന്നിവ അസ്തമപോലെ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാം.
ചികിത്സ
ആസ്തമ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയാണ് പ്രാധാന്യമേറിയത്. പുക, പൊടിപടലങ്ങൾ പോലുള്ള സാഹചര്യങ്ങളായ പുകയില, പുക, അടുക്കളയിലെ പുക, മണ്ണെണ്ണയുടെ പുക, പെയിന്റ്, കീടനാശിനികൾ, പെർഫ്യൂം എന്നിവയുടെ സാമീപ്യം ഒഴിവാക്കുക. ഔഷധ ചികിത്സയിൽ ഇൻഹേലർ ആണ് ഏറ്റവും അനുയോജ്യം. നേരത്തെ കണ്ടുപിടിച്ച് ആവശ്യമായ കാലമത്രയും ചികിത്സിച്ചാൽ ആസ്തമ പൂർണമായും നിയന്ത്രണവിധേയമാക്കാം.
ഡോ. കെ.വേണുഗോപാൽ
സീനിയർ കൺസൾട്ടന്റ്
സംസ്ഥാന ആരോഗ്യവകുപ്പ്
ഫോൺ: 9447162224.