കൊല്ലം: ക്രമസമാധാന പ്രശ്നങ്ങളും ഗതാഗത സ്തംഭനവും പതിവായ പള്ളിമുക്കിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് കത്തിക്കുത്താണ് പള്ളിമുക്കിലും പരിസര പ്രദേശങ്ങളിലുമായി നടന്നത്. ഗുണ്ടാസംഘങ്ങളും സാമൂഹ്യവിരുദ്ധരും തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇവിടെ പതിവാണ്.
വിശാലമായ അധികാര പരിധിയുള്ള ഇരവിപുരം സ്റ്റേഷന്റെ കീഴിലാണ് പള്ളിമുക്ക്. എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാൽ ഇരവിപുരം റെയിൽവെ ക്രോസ് കടന്നുവേണം പൊലീസിന് പള്ളിമുക്കിലെത്താൻ. പലപ്പോഴും ഇരവിപുരം പൊലീസ് റെയിൽവേ ക്രോസിൽ കുടുങ്ങുകയാണ് പതിവ്. മറ്റ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘമെത്തിയ ശേഷമാണ് പലപ്പോഴും ഇരവിപുരം പൊലീസ് സ്ഥലത്തെത്തുന്നത്. അതുകൊണ്ട് തന്നെ അക്രമസംഭവങ്ങളിൽ ഉൾപ്പെടുന്നവരെ കൈയോടെ പിടികൂടാനും കഴിയാറില്ല. ഇത് മുതലെടുത്താണ് പള്ളിമുക്കിൽ ഗുണ്ടാസംഘങ്ങളും സാമൂഹ്യവിരുദ്ധരും വിലസുന്നത്.
ഗുണ്ടകൾ അഴിഞ്ഞാടുന്നു
സന്ധ്യയാകുമ്പോൾ തന്നെ പള്ളിമുക്ക് ജംഗ്ഷനിലും സമീപത്തെ ഇടറോഡുകളിലും ഒഴിഞ്ഞപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധർ തമ്പടിച്ച് തുടങ്ങും. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരും ഇവിടെ എത്താറുണ്ട്. ഒഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗവും വില്പനയും നടക്കുന്നതായും പ്രദേശവാസികൾ പറയുന്നു. വ്യാപാരികളെ ഭീഷണിപ്പെടുത്തി ഗുണ്ടാപ്പിരിവും ഇവിടെ നടക്കുന്നുണ്ട്. ഇരവിപുരം പൊലീസിന്റെ പ്രവർത്തന പരിധി പരന്ന് കിടക്കുന്നതിനാൽ പള്ളിമുക്കിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയാറില്ല.
ഔട്ട് പോസ്റ്റ്
ഔട്ട് പോസ്റ്റിൽ 24 മണിക്കൂറും ഒരു എസ്.ഐയും ജി.ഡി ചാർജ്ജും ഉണ്ടാകും. പൊതുജനങ്ങൾക്ക് ഇവിടെയെത്തി പരാതി നൽകാം. ഒരു വാഹനവും ഉണ്ടാകും. എന്തെങ്കിലും സംഘർഷങ്ങൾ ഉണ്ടായാൽ ഔട്ട് പോസ്റ്റിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് ഇടപെടൻ കഴിയും. കൂടുതൽ സേനയെ സ്ഥലത്തേക്ക് വിളിച്ചുവരുത്താനുമാകും.