c
പൊലീസ്

കൊല്ലം: ദീപാവലിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പടക്ക കച്ചവടം നടത്താൻ താൽക്കാലിക ലൈസൻസിന് അപേക്ഷിച്ചവർക്ക് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നൽകിയില്ല. ഈ മാസം 27നാണ് ദീപാവലി. ജില്ലയിൽ ആറു പേരാണ് 15 ദിവസത്തേക്കുള്ള താൽക്കാലിക ലൈസൻസിന് അപേക്ഷ നൽകിയത്. 14 മുതൽ 28 വരെ കച്ചവടത്തിന് അനുമതി നൽകണമെന്നായിരുന്നു ആവശ്യം. എക്‌സ്‌പ്ലോസീവ് ഫീസായി സർക്കാരിലേക്ക് 740 രൂപയും അഗ്നിശമന സേനാ ഫീസായി 2100 രൂപയും അടച്ചിരുന്നു. പൊലീസ് അനുകൂല റിപ്പോർട്ട് നൽകാത്തതാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വൈകാൻ ഇടയാക്കുന്നത്. 90 ദിവസം മുൻപാണ് വ്യാപാരികൾ എ.ഡി.എമ്മിന് അപേക്ഷ നൽകിയത്. അഗ്നിശമന സേനയും തഹസീൽദാറും അനുകൂല റിപ്പോർട്ട് നൽകിയിട്ടുണ്ട്. പക്ഷേ, അപേക്ഷകരുടെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയ പൊലീസ് പടക്ക കച്ചവടത്തിന് അനുകൂല നിലപാടല്ല സ്വീകരിച്ചത്. അതേസമയം,ലൈസൻസിന് അനുമതിയില്ലെന്ന മറുപടി ജില്ലാ ഭരണകൂടം വ്യാപാരികൾക്ക് നൽകിയിട്ടില്ല. ഇതിനാൽ കോടതിയെ സമീപിച്ച് അനുകൂല വിധി നേടാനും കഴിയില്ല. കഴിഞ്ഞ ദീപാവലിക്കാലത്ത് അപേക്ഷിച്ചവർക്കെല്ലാം താൽക്കാലിക ലൈസൻസ് നൽകിയിരുന്നു.

ജില്ലയിൽ രണ്ട് സ്ഥിരം ലൈസൻസികളുണ്ട്. ഇതിൽ ഒരാളുടെ ലൈസൻസ് കാലാവധി 21ന് അവസാനിക്കും. തീവ്രത കുറഞ്ഞ പടക്കം വിപണനം ചെയ്യാൻ എല്ലാവിധ സജ്ജീകരണവും
ഒരുക്കി കാത്തിരിക്കുകയാണ് വ്യാപാരികൾ. തിരുവനന്തപുരം ജില്ലയിൽ അപേക്ഷിച്ചവർക്ക് ലൈസൻസ് ലഭിച്ചതായും ഇവർ പറയുന്നു.