c
വാട്ട്സ്ആപ്പ് കൂടായ്മ ഒരുക്കിയ സ്നേഹ സ്പർശം പദ്ധതി പ്രകാരമുള്ള ചികിത്സാ സഹായ വിതരണ സമ്മേളനം ജില്ലാ കളക്ടർ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: നിർദ്ധന ഡയാലിസിസ് രോഗിക്ക് കൊട്ടാരക്കര വാർ‌ത്തകൾ എന്ന വാട്സാപ്പ് കൂട്ടായ്മ ശേഖരിച്ച അരലക്ഷം രൂപയുടെ ചികിത്സാ സഹായം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ കൊട്ടാരക്കര പ്രസ് ക്ളബ് മൈതാനിയിൽ നടന്ന സമ്മേളനത്തിൽ വിതരണം ചെയ്തു. ഇതോടൊപ്പം സൗജന്യ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ നിർവഹിച്ചു. അമ്പത് നിർദ്ധന കുടുംബങ്ങൾക്ക് നഗരസഭാ അദ്ധ്യക്ഷ ബി. ശ്യാമളഅമ്മ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. ഗ്രൂപ്പ് അഡ്മിൻ ഷിജു പടിഞ്ഞാറ്റിൻകര അദ്ധ്യക്ഷത വഹിച്ചു. ആംബുലൻസ് സർവീസ് സംഭാവന ചെയ്ത ദീപു ഇലക്ട്രോയെയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജി.ഡി. വിജയകുമാറിനെയും ജില്ലാ കളക്ടർ അബ്ദുൽ നാസർ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ. ഫിറോസ് എം. ഇസ്മയിൽ നിർദ്ധന രോഗിക്ക് വീൽച്ചെയർ സംഭാവന ചെയ്തു. നഗരസഭാ കൗൺസിലർമാരായ എസ്.ആർ. രമേശ്, സി. മുകേഷ്, തഹസിൽദാർ എ. തുളസീധരൻ പിള്ള, ചാത്തന്നൂർ തഹസിൽദാർ ബി. അനിൽകുമാർ, പി. ഹരികുമാർ, ഡോ.പി.എൻ. ഗംഗാധരൻ നായർ, അനിൽ കൊച്ചുപാറയ്ക്കൽ, കെ.എം. റെജി, തോമസ് പണിക്കർ എന്നിവർ സംസാരിച്ചു. ബാബു സുൾഫിക്കർ സ്വാഗതവും ഡോ. ഫിറോസ് എം. ഇസ്മയിൽ നന്ദിയും പറഞ്ഞു.