കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശിയായ യുവാവ് അറസ്റ്റിൽ.കായംകുളം സ്റ്റാൻഡിലെ ഡ്രൈവർ പെരുമ്പാവൂർ സ്വദേശി ബൈജു പൗലോസിനെ മർദ്ദിച്ച കേസിൽ ആറ്റിങ്ങൽ മാമം ബിസ്മി നിവാസിൽ അനീഷാണ് (34) പിടിയിലായത്.
ചൊവ്വാഴ്ച രാത്രി 7.30 ഓടെ ഉമയനല്ലൂർ ജംഗ്ഷന് സമീപമായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറിനെ മാരുതി വാഗൺആർ കാറിൽ വന്ന അനീഷ് ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്ത് ബസിന് കുറുക്ക് വച്ചു. തുടർന്ന് ഡ്രൈവറെ പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. യാത്രക്കാർ തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവറെ നിലത്ത് തള്ളിയിട്ട് ചവിട്ടുകയും ചെയ്തു. തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ ഡ്രൈവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബസ് സംഭവ സ്ഥലത്ത് വച്ച് സർവീസ് അവസാനിപ്പിച്ചു. ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് മറ്റൊരു ഡ്രൈവറെത്തിയാണ് ബസ് യാത്ര തുടർന്നത്.
കൊട്ടിയം പൊലീസ് സ്ഥലത്തെത്തിയെങ്കിലും കാർ ഒതുക്കിയിടാനെന്ന വ്യാജേന അനീഷ് കടന്നുകളഞ്ഞു. യാത്രക്കാർ നൽകിയ കാറിന്റെ നമ്പർ ഉപയോഗിച്ചാണ് പ്രതിയെ വീട്ടിലെത്തി പിടികൂടിയത്. കൃത്യനിർവഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.