photo
ഇടയം എസ്.എൻ.ഡി.പി. ഹാളിൽ അഭിജിത്തിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ

അഞ്ചൽ: അടുത്ത ഓണത്തിന് ഒപ്പമുണ്ടാകുമെന്ന് അമ്മയ്ക്കു വാക്കു കൊടുത്തു മടങ്ങിയ അഭിജിത്ത് ഇനിയൊരു ഓണത്തിനും വരാനാകാത്ത ലോകത്തേക്ക് മടങ്ങി.

കാശ്മീരിൽ മൈൻപൊട്ടി വീരമൃത്യു വരിച്ച സൈനികൻ അഭിജിത്ത് ഓണത്തിന് തൊട്ട് മുമ്പാണ് അവസാനമായി ലീവിന് നാട്ടിലെത്തിയത്. എന്നാൽ, ഓണത്തിന് മുമ്പേ മടങ്ങേണ്ടി വന്നു. മറ്റൊരു സ്ഥലത്തേക്കുള്ള മാറ്റത്തിന്റെ ഭാഗമായി കിട്ടിയ ചെറിയൊരു ഇടവേളയിലാണ് ഉറ്റവരെ കാണാൻ ഓടിയെത്തിയത്. അടുത്ത വർഷം ഓണം ഒന്നിച്ച് ആഘോഷിക്കാമെന്ന് അമ്മയെ സമാധാനിപ്പിച്ച ശേഷമാണ് അഭിജിത്ത് കാശ്മീരിലേക്ക് യാത്രയായത്. മൂന്നു വർഷം മുമ്പ് ഊട്ടിയിലായിരുന്നു പട്ടാള ജീവിതത്തിന്റെ തുടക്കം. പിന്നീട് സെക്കന്തരാബാദിലേയ്ക്കും അവിടെ നിന്നും ജമ്മുകാശ്മീരിലേക്കും മാറ്റമായി. കാശ്മീരിൽ തുടരുന്നതിൽ അഭിജിത്തിന് ആശങ്കയുണ്ടായിരുന്നു. അക്കാര്യം നാട്ടിലെ സുഹൃത്തുക്കളുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അഭിജിത്ത്.

ആകെ എട്ട് സെന്റ് പുരയിടമാണ് കുടുംബത്തിന് സ്വന്തമായുളളത്. ഇതിലെ പഴക്കം ചെന്ന ചെറിയ വീട്ടിലാണ് താമസം. മൂന്ന് വ‌ർഷം മുമ്പ് പട്ടാളത്തിൽ ജോലി ലഭിച്ചപ്പോൾ അഭിജിത്ത് അമ്മയോട് പറഞ്ഞത് ഒരു കാര്യം മാത്രം. ചെറിയൊരു വീട് പണിയണം. അതു കഴിഞ്ഞാൽ അനുജത്തിയുടെ വിവാഹം. അതായിരുന്നു ആ യുവാവിന്റെ സ്വപ്നം. . ഓണത്തിനു മുമ്പ് വന്നപ്പോഴും വീട് പണിയുന്നതുമായി ബന്ധപ്പെട്ട് ചില ആലോചനകൾ നടത്തിയിരുന്നു. എന്നാൽ, അഭിജിത്തിനൊപ്പം ഈ ആഗ്രഹവും മണ്ണടിഞ്ഞു. പിതാവ് കുറേ നാളായി ഗൾഫിലാണെങ്കിലും കാര്യമായ വരുമാനമില്ല. മകളുടെ പഠിത്തം കൂടിയായപ്പോൾ ബുദ്ധിമുട്ടിയാണ് കുടുംബം നാളുകൾ തള്ളിനീക്കിയിരുന്നത്. ഇടയം എസ്.എൻ.ഡി.പി. ശാഖ വനിതാ സംഘം പ്രവർത്തകകൂടിയാണ് അമ്മ ശ്രീകല