cctv
വയോധികയുടെ മാലപിടിച്ചുപറിച്ച് കടന്നുകളഞ്ഞ യുവാവിന്റെ സി.സി ടി വി ദൃശ്യം

കൊല്ലം: മരം വെട്ടാനെത്തി സൗഹൃദം സ്ഥാപിച്ചശേഷം ഊമയായ വയോധികയുടെ മാല പിടിച്ചുപറിച്ചു കടന്ന യുവാവിന്റെ സി. സി. ടി.വി ദൃശ്യം ലഭിച്ചു.

ഈ മാസം 9ന് അഞ്ചുകല്ലുംമൂടിനടുത്തായിരുന്നു സംഭവം. 7ന് തേങ്ങ വെട്ടാനുണ്ടോയെന്ന് തിരക്കിയാണ് അപരിചിതനായ യുവാവ് ആദ്യം എത്തിയത്. ഊമയായ വയോധിക മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. തേങ്ങ വെട്ടിയശേഷം ഏറെ നേരം അവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. തൊട്ടടുത്ത ദിവസം മരം കോതാനുണ്ടോയെന്ന് ചോദിച്ചെത്തി. മരങ്ങൾ നിറയെ എറുമ്പുണ്ടെന്ന് പറഞ്ഞശേഷം മറ്റൊരാളെയും കൂട്ടിയെത്തി മുറിച്ച് നീക്കി. ഈ ദിവസം വയോധികയുടെ മകളായ അദ്ധ്യാപിക വീട്ടിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസം യുവാവ് വീണ്ടുമെത്തി കുടിവെള്ളം ആവശ്യപ്പെട്ടു. വയോധികയും പ്രായമേറിയ ജോലിക്കാരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ജോലിക്കാരി വെള്ളമെടുക്കാൻ പോയ തക്കം നോക്കി വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

വയോധിക സൂചിപ്പിച്ച രൂപഭാവങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇന്നലെ സമീപത്തെ വീട്ടിലെയും ഹോട്ടലിലെയും സി.സി ടി.വി കാമറകളിൽ നിന്നാണ് പ്രതിയുടെ ദൃശ്യം ലഭിച്ചത്.