safekollam
സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കായി ആർ. ടി. ഓഫീസിൽ നടത്തിയ ലേണേഴ്സ് പരീക്ഷ

കൊല്ലം: സമസ്തമേഖലകളേയും ബന്ധിപ്പിച്ച് നടപ്പാക്കുന്ന സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി പള്ളിത്തോട്ടം മുതൽ തങ്കശ്ശേരി വരെയുള്ള തീരദേശത്ത് താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികൾക്ക് ലൈസൻസ് നൽകും. സേഫ് കൊല്ലത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായ സുരക്ഷിത റോഡ് യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ലൈസൻസ് നൽകുന്നത്.
ബോധവൽക്കരണം നൽകി റോഡ് നിയമങ്ങൾ പഠിപ്പിച്ചാണ് ലൈസൻസ് നൽകുന്നതെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി. ആദ്യബാച്ചിലെ 150 പേർക്കുള്ള ലേണേഴ്സ് ടെസ്​റ്റ് പള്ളിത്തോട്ടം പൊലീസിന്റെ സഹകരണത്തോടെ ആർ.ടി ഓഫീസിൽ നടന്നു. പദ്ധതിയുടെ ഭാഗമായി എഴുത്തും വായനയും അറിയാത്ത മത്സ്യത്തൊഴിലാളികൾക്ക് കളക്ടറേ​റ്റ് കോൺഫറൻസ് ഹാളിൽ ട്രാക്ക് ടീമിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയമ ബോധവത്കരണ ക്ലാസ് നടത്തി ലേണേഴ്സിന് സജ്ജരാക്കിയെന്ന് ആർ.ടി.ഒ വി. സജിത്ത് പറഞ്ഞു.

രണ്ടാംഘട്ടമായി നീണ്ടകര, ശക്തികുളങ്ങര മേഖലയിലെ നിരക്ഷരരായ മത്സ്യത്തൊഴിലാളികളെ പദ്ധതിയിൽ ഉൾപ്പെടുത്തി രജിസ്​റ്റർ ചെയ്ത് ലൈസൻസ് നേടാൻ അവസരമൊരുക്കും.