c
പത്തനാപുരം യൂണിയന്റെ പ്രവർത്തനമികവിന് അംഗീകാരമായി യൂണിയനിലെ ഒരു നിർദ്ധന കുടുംബത്തിന് വീട് വെയ്ക്കാനായി സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 5ലക്ഷം രൂപ കൈമാറുന്നു. യൂണിയൻ സെക്രട്ടറി ബി. ബിജു സമീപം

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ പ്രവർത്തനമികവിന് അംഗീകാരമായി യൂണിയനിലെ ഒരു നിർദ്ധന കുടുംബത്തിന് വീട് വെയ്ക്കാനായി സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 5ലക്ഷം രൂപ നൽകി. യൂണിയനിലെ 6422-ാം നമ്പർ വാഴപ്പാറ ശാഖയിലെ വാഴത്തോട്ടം മാങ്കോട് ലക്ഷ്മി സദനത്തിൽ സജികുമാറിന്റെ കുടുംബത്തിനാണ് സഹായം കൈമാറിയത്. പത്ത് സെന്റ് ഭൂമി ഉണ്ടായിട്ടും ത്രിതല പഞ്ചായത്തോ ജനപ്രതിനിധികളോ സഹായിച്ചില്ലെന്നും ഒടുവിൽ ദുരിതാവസ്ഥ അറിഞ്ഞ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സഹായവുമായി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രവർത്തന മികവിലൂടെ ശ്രദ്ധയാകർഷിച്ച പത്തനാപുരം യൂണിയന്റെ പരിപാടികളിൽ പങ്കെടുത്ത് മടങ്ങവേയാണ് 6422- ാം നമ്പർ കുമാരനാശൻ സ്മാരക വാഴപ്പാറ ശാഖാംഗമായ സജികുമാർ 3 ലക്ഷം രൂപയുടെ ധനസഹായം വായ്പയായി ജനറൽ സെക്രട്ടറിയോട് അപേക്ഷിച്ചത്. തുടർന്ന് അപേക്ഷയുടെ നിജസ്ഥിതി അന്വേഷിക്കാൻ പത്തനാപുരം യൂണിയൻ നേതാക്കളായ ബി. ബിജു, ആദംകോട് കെ. ഷാജി എന്നിവർക്ക് ജനറൽ സെക്രട്ടറി നിർദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കൊല്ലത്തെത്തിയപ്പോൾ പത്തനാപുരം യൂണിയൻ സെക്രട്ടറിയോടൊപ്പം സജികുമാറിനെയും നേരിട്ട് വിളിച്ചു വരുത്തി ജനറൽ സെക്രട്ടറി 5 ലക്ഷം രൂപ യൂണിയൻ വഴി ചെക്കായി നൽകുകയായിരുന്നു. ഡ്രിഗ്രി വിദ്യാർത്ഥിനിയായ മൂത്ത മകൾ ചിപ്പിയും പ്ലസ് വൺ വിദ്യാർത്ഥിനി ഇളയ മകൾ ലക്ഷ്മിയും ഭാര്യ കനകമ്മയും അടങ്ങുന്ന കുടുംബം അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്.

ലഭിച്ച തുക ഉപയോഗിച്ച് ഇവർക്ക് പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് യൂണിയൻ സെക്രട്ടറി ബി. ബിജു അറിയിച്ചു.