കുന്നത്തൂർ: കേരള യൂണിവേഴ്സിറ്റി തലത്തിൽ നടത്തിയ റെസലിംഗ് മത്സരത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കിയ ആർ. പ്രണവ് നാടിന്റെ അഭിമാനമാകുന്നു. നിരവധി കോളേജുകളെ പിന്തള്ളിയാണ് 97 കിലോ വിഭാഗത്തിൽ പ്രണവ് മെഡൽ കരസ്ഥമാക്കിയത്. കായംകുളം എം.എസ്.എം കോളേജിലെ ബിരുദ വിദ്യാർത്ഥിയായ ശൂരനാട് തെക്ക് കുമരംചിറ സ്വദേശി പ്രണവിന് കുട്ടിക്കാലം മുതൽ തന്നെ കായിക താരമാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. മലയാളികൾ പൊതുവേ കൈവയ്ക്കാൻ മടിക്കുന്ന റെസലിംഗ് ചാമ്പ്യൻഷിപ്പാണ് ഇതിനായി തിരഞ്ഞെടുത്തത്. മാതാപിതാക്കളുടെ പൂർണ പിന്തുണ കൂടി ലഭിച്ചതോടെ റെസലിംഗ്ചാമ്പ്യൻഷിപ്പിൽ ലോകം അറിയപ്പെടുന്ന കായിക താരമാകാനാണ് പ്രണവിന്റെ ശ്രമം. ആലപ്പുഴയിൽ റെസലിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രാക്ടീസ് നടത്തി വരുകയാണ്. മാതാപിതാക്കൾക്കൊപ്പം കോളേജിലെ അദ്ധ്യാപകരും സുഹൃത്തുക്കളും പ്രണവിന് വലിയ പിന്തുണയാണ് നൽകുന്നത്.