കുന്നത്തൂർ :ഉത്തരേന്ത്യൻ രുചി ഭേദങ്ങൾ അതിർത്തി കടന്നെത്തുന്നത് തുടരുന്നു. തന്തൂരി വിഭവങ്ങൾക്കു പിന്നാലെ ചായയും തെക്കൻ ജില്ലയിൽ എത്തിക്കഴിഞ്ഞു. ചക്കുവള്ളി മയ്യത്തുംകരയിലെ അൽ സുൽത്താൻ ബേക്കറിയിലാണ് തന്തൂരി ചായ ലഭിക്കുന്നത്. ഉത്തരേന്ത്യൻ വിഭവമായ തന്തൂരി ചായ വടക്കൻ കേരളത്തിൽ സുലഭമാണ്. 14 ഐറ്റം ചേരുവകളാണ് ചായ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. മൺകൂജ കനലിൽ പഴുപ്പിച്ചു, തയ്യാറാക്കി വച്ചിരിക്കുന്ന ചായ അതിലേക്ക് ഒഴിക്കുന്നു. ചുട്ടു പഴുത്ത മൺകൂജയിൽ നിന്ന് മൺ ഗ്ലാസിലേക്ക് പകർന്നാണ് ചായ ആവശ്യക്കാർക്ക് നൽകുന്നത്.ഈ ഗ്ലാസ് പിന്നീട് ഉപയോഗിക്കാതെ കസ്റ്റമറിനു തിരികെ നൽകും. വൈകിട്ട് മൂന്നു മണി മുതലാണ് ചായ ലഭിക്കുക. സന്ധ്യയോടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തും. അതോടെ കച്ചവടം ഉഷാറാകും.