photo
പോഷൻ മാഹ് പദ്ധതിയുടെ ജില്ലാ തല ശില്പശാല എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി സമീപം

കരുനാഗപ്പള്ളി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പോഷൻ മാഹ് പദ്ധതിയുടെ ജില്ലാതല ശില്പശാല ചവറ ഐ.സി.ഡി.എസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം എൻ. വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ഭക്ഷണ ക്രമത്തിൽ കൃത്യത പൂർണമായും പാലിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ മുഖ്യാതിഥിയായിരുന്നു. ഒരു കുട്ടി ജനിച്ചാൽ ആദ്യത്തെ മൂന്ന് വർഷം നല്ല പരിചരണം നൽകണമെന്നും ആദ്യത്തെ മുലയൂട്ടൽ കുഞ്ഞിന്റെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കെ.എ. നിയാസ്, പന്മന ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിത്ത് രഞ്ച്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്. ഗീതാകുമാരി, എൻ.എസ്.എസ് ജില്ലാ കോ - ഓർഡിനേറ്റർ ജി. ഗോപകുമാർ, ചവറ ശിശു വികസന പദ്ധതി ഓഫീസർ ബി.എസ്. ശ്രീകല, സെൽ പ്രോഗ്രാം ഓഫീസർ ടിജു റെയ്ച്ചൽ തോമസ് എന്നിവർ സംസാരിച്ചു. സുരക്ഷിതമായ ഭക്ഷണക്രമം എന്ന വിഷയത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർ അഞ്ജു ക്ലാസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ്, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.