പരവൂർ: തെക്കുംഭാഗം റോഡിൽ ഓടകൾക്ക് മേൽമൂടിയില്ലാത്തതിനാൽ അപകടങ്ങൾ പെരുകുന്നതായി പരാതി. കോട്ടമൂല ജംഗ്ഷൻ മുതൽ ഭൂതനാഥ ക്ഷേത്രം വരെയുള്ള ഭാഗത്താണ് റോഡിന് ഇരുവശവുമുള്ള ഓടകൾക്ക് മേൽമൂടിയില്ലാത്തത്.
തീരെ വീതി കുറവായ പാതയിൽ രണ്ട് വാഹനങ്ങൾ എതിർദിശകളിൽ വന്നാൽ കാൽനടയാത്രികർ പോലും ഏറെ പ്രയാസപ്പെട്ടാണ് സഞ്ചരിക്കുന്നത്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇരുചക്ര വാഹനങ്ങൾ ഓടയിലേയ്ക്ക് വീണ് പരിക്ക് പറ്റുന്നത് നിത്യസംഭവമാണ്. ഈ ഭാഗത്തെ റോഡിന്റെ വളവും അപകടങ്ങളുടെ തോത് കൂട്ടുന്നുണ്ട്.
കഴിഞ്ഞ ദിവസവും വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ റോഡിൽ നിന്ന് തെന്നിമാറിയ ഇരുചക്ര വാഹനം ഓടയിലേക്ക് മറിഞ്ഞ് പരവൂർ കൂനയിൽ സ്വദേശിയും ഫോട്ടോഗ്രാഫറുമായ അനിൽകുമാറിന് പരിക്കേറ്റിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അനിൽകുമാറിനെ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ളതാണ് ഈ റോഡ്. മാസങ്ങൾക്ക് മുമ്പ് പരവൂർ ജംഗ്ഷൻ മുതൽ കോട്ടപ്പുറം വില്ലേജ് ഓഫീസ് വരെയുള്ള ഭാഗങ്ങളിൽ ഓടകൾക്ക് മേൽ മൂടി സ്ഥാപിച്ചിരുന്നു. എന്നാൽ തുടർന്നുള്ള റോഡിൽ മേൽമൂടി സ്ഥാപിച്ചതുമില്ല.
പരവൂർ നഗരസഭയിലും പൊതുമരാമത്ത് വകുപ്പ് ഓഫീസിലും നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ലായെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രദേശത്തെ ഓടകൾക്ക് മേൽമൂടി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് അധികാരികൾക്ക് പരാതി നൽകാനും നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകാനും ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോ. പരവൂർ മേഖലാ കമ്മിറ്റി തീരുമാനിച്ചു.