chinnakkada
ചിന്നക്കട റൗണ്ട്

 തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾക്ക് ചിന്നക്കടയിൽ സ്റ്റോപ്പില്ല

കൊല്ലം: ചിന്നക്കടയിലെത്തുന്ന യാത്രക്കാർക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറാൻ ഓട്ടോറിക്ഷ പിടിക്കണം. നഗരഹൃദയമായ ചിന്നക്കടയിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾക്ക് പോലും സ്റ്റോപ്പില്ലാത്തതാണ് പ്രശ്നം.

കൊട്ടിയം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലെ ബസ് ഷെൽട്ടറിലെത്തി യാത്രക്കാരെ കയറ്റി കമ്മിഷണർ ഓഫീസ് മേല്പാലം വഴിയാണ് പോകുന്നത്. എന്നാൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഈ ബസ് ഷെൽട്ടറിൽ എത്താറില്ല. ഇതുവഴി കറങ്ങി റെയിൽവെ സ്റ്റേഷൻ ജംഗ്ഷനിലെത്തി പോകുന്നത് വലിയ സാമ്പത്തിക, സമയ നഷ്ടം വരുത്തുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്.

യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുമ്പോൾ ഒന്നോ രണ്ടോ ദിവസം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് ബസ് ഷെൽട്ടറിലെത്തിയ ശേഷം വീണ്ടും പഴയപടിയാകുന്നതാണ് പതിവ്. ഇപ്പോൾ സെന്റ് ജോസഫ് കോൺവന്റ് ജംഗ്ഷൻ കഴിഞ്ഞാൽ റെയിൽവെ സ്റ്റേഷൻ ജംഗ്ഷനിൽ നിന്നാണ് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ യാത്രക്കാരെ കയറ്റുന്നത്.

 ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പ്രത്യേക സ്റ്റോപ്പ് വേണം

സ്വകാര്യ ബസുകൾ ആവശ്യം പോലെ ഉള്ളതിനാൽ ചിന്നക്കടയിൽ കെ.എസ്.ആർ.ടി.സി നിറുത്താത്തത് യാത്രക്കാരെ കാര്യമായി ബാധിക്കാറില്ല. എന്നാൽ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾ നിറുത്താത്തത് യാത്രക്കാരെ ഏറെ വലയ്ക്കുകയാണ്. കൊല്ലം ഡിപ്പോയിലേക്ക് വരുന്ന സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഇപ്പോൾ ചിന്നക്കടയിലെത്തി ഷാ ഹോട്ടലിന് മുന്നിലൂടെ ലിങ്ക് റോഡിലെത്തിയാണ് പോകുന്നത്. എക്സൈസ് ഓഫീസിന് മുന്നിലെ സ്റ്റാൻഡിൽ നിറുത്തി യാത്രക്കാരെ കയറ്റി ഇറക്കാറുമുണ്ട്. എന്നാൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസുകൾ ദേശീയപാത വഴിയാണ് പോകുന്നത്. ഡിപ്പോയിൽ നിന്ന് യാത്രക്കാരെ കയറ്റിയാൽ റെയിൽവെ സ്റ്റേഷനിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. ചിന്നക്കടയിലെത്തുന്ന യാത്രക്കാർക്ക് ഈ രണ്ട് സ്ഥലങ്ങളിൽ ഒരിടത്തേക്ക് ഓട്ടോ പിടിച്ച് പോകേണ്ട അവസ്ഥയാണ്. കൊല്ലത്തേക്ക് വരുന്ന ബസുകളെ പോലെ തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ബസുകളും ലിങ്ക് റോഡ് വഴി ചിന്നക്കടയിലെത്തി എക്സൈസ് ഓഫീസിന് മുന്നിൽ നിറുത്തി യാത്രക്കാരെ കയറ്റണമെന്ന ആവശ്യം പൊതുജനങ്ങൾക്കിടയിൽ ശക്തമാവുകയാണ്.

'' ചിന്നക്കടയിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് സ്റ്റോപ്പില്ലാത്തത് യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ലിങ്ക് റോഡ് വഴി ചിന്നക്കടയിലെത്തിയാൽ എക്സൈസ് ഓഫീസിന് മുന്നിൽ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കാം. ഇവിടെ സ്ഥല പരിമിതി ഉണ്ടെങ്കിലും ബസ് ഷെൽട്ടർ നിർമ്മിക്കുന്ന കാര്യം നഗരസഭയുടെ പരിഗണനയിലുണ്ട്.''

വി.എസ്. പ്രിയദർശൻ

...............................................

 ഡിപ്പോയിൽ നിന്ന് പുറപ്പെട്ടാൽ പിന്നെ നിറുത്തുന്നത് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ