കൊല്ലം: വർഷങ്ങൾക്ക് മുമ്പ് മാതാപിതാക്കൾ മകന്റെ പേരിൽ എഴുതിക്കൊടുത്ത ഇരുപതേക്കറോളം ഭൂമി ഇപ്പോൾ തിരികെ വേണമെന്നാവശ്യപ്പെട്ട് മാതാവ് രംഗത്തെത്തിയത് ഇന്നലെ ആശ്രാമം ഗസ്റ്റ് ഹൗസിൽ നടന്ന വനിതാകമ്മിഷൻ മെഗാ അദാലത്തിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. മകളുടെ ഭർത്താവുമൊത്താണ് 75കാരിയായ അമ്മ അദാലത്തിനെത്തിയത്.നൽകിയ സ്വത്ത് തിരികെക്കിട്ടാൻ നിയമതടസമുണ്ടെന്നറിഞ്ഞതോടെ മകനും മകളുടെ ഭർത്താവും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഒടുവിൽ മകനെ കൊല്ലുമെന്ന് മരുമകൻ ഭീഷണി ഉയർത്തിയതോടെയാണ് സംഭവത്തിൽ കമ്മിഷന് ഇടപെടേണ്ടി വന്നത്. മൂന്നു മക്കളാണ് വയോധികയ്ക്കുള്ളത്. ഒരു മകൻ വർഷങ്ങൾക്ക് മുമ്പ് നാടുവിട്ടുപോയി. മകളെ വിവാഹം കഴിപ്പിച്ചയച്ചപ്പോൾ സ്വർണവും പണവും രണ്ടേക്കർ വസ്തുവും നൽകിയിരുന്നു. ഏറ്റവുമൊടുവിലായി മകന് നൽകിയ 20 ഏക്കർ വസ്തുവിന്റെ പേരിലാണ് മകനും മരുമകനും തമ്മിൽ തർക്കം നടക്കുന്നത്.
20 ഏക്കറിൽ നാലേക്കർ മൈനറായ കൊച്ചുമകന്റെ പേരിലാണ്. കൊച്ചുമകന്റെ പേരിലുള്ള 4 ഏക്കർ അമ്മയുടെ കാലശേഷം തിരികെ നൽകാമെന്ന വ്യവസ്ഥയിലാണെങ്കിൽ അമ്മയ്‌ക്ക് നൽകാൻ മകൻ തയ്യാറാണ്. എന്നാൽ അത് അംഗീകരിക്കാനാവില്ലെന്നാണ് മകളുടെ ഭർത്താവിന്റെ നിലപാട്. അച്ഛന്റെ മരണശേഷം സ്വത്തു ഭാഗം വയ്‌ക്കാൻ ശ്രമിച്ചപ്പോഴാണ് മകളും ഭർത്താവും ഭൂമിയെ സംബന്ധിച്ചുള്ള വിവരം അറിയുന്നത്. തുടർന്നാണ് കമ്മിഷന് പരാതി നൽകിയത്. മകന് സ്വത്ത് നൽകിയതിൽ നിയമപരമായി അപാകതയുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മിഷൻ റാന്നി തഹസിൽദാറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
മൂന്നു പെൺമക്കളുള്ള അമ്മ ഒരു മകൾക്ക് എഴുതിക്കൊടുത്ത മുഴുവൻ സ്വത്തും തിരികെ വേണമെന്ന ആവശ്യവും കമ്മിഷനു മുന്നിലെത്തി. എന്നാൽ മകൾ ലഭിച്ച സ്വത്ത് വിറ്റതിനാൽ ആവശ്യത്തിന് സാധുത ഇല്ലെന്നായിരുന്നു കമ്മിഷന്റെ വിലയിരുത്തൽ. കുടുംബങ്ങളിലെ സ്വത്തു തർക്കം സാമൂഹ്യ വിപത്തായി മാറുകയാണെന്ന് കേസുകൾ പരിഗണിച്ച കമ്മിഷൻ അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ സ്വത്ത് ഭാഗം വയ്‌ക്കുമ്പോൾ കുറച്ചുഭാഗം തങ്ങളുടെ പേരിൽ മാറ്റിവയ്‌ക്കണമെന്നും ഒന്നിൽ കൂടുതൽ മക്കളുള്ളവർ സ്നേഹത്തിന്റെ പേരിൽ മറ്റുമക്കളറിയാതെ ഒരാളുടെ പേരിൽ സ്വത്തെഴുതി നൽകുന്ന പ്രവണത ശരിയല്ലെന്നും കമ്മിഷൻ അംഗം ഡോ.ഷാഹിദാ കമാൽ പറഞ്ഞു. പല കേസുകളിലും മാതാപിതാക്കളെ സ്വത്തുതട്ടിയെടുത്ത ശേഷം ഉപേക്ഷിക്കുന്ന സ്ഥിതിയാണ്.
പാലക്കാട് സ്വദേശിയായ വൃദ്ധയെ സഹോദരിയുടെ മകൾ കൊല്ലത്തെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ ഇടപ്പെട്ടതായി കമ്മിഷനംഗം എം.എസ്. താര പറഞ്ഞു. ചികിത്സയെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ ഡോക്ടർക്ക് പിഴവ് പറ്റിയെന്ന പരാതിയും പരിഗണിച്ചു. സാമ്പത്തിക ആനുകൂല്യവുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാരി നൽകിയ പരാതി ഉൾപ്പെടെ 82 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 15 കേസുകൾ തീർപ്പാക്കി. മൂന്ന് കേസിൽ റിപ്പോർട്ട് തേടി. 63 കേസുകളാണ് അടുത്ത അദാലത്തിലേക്ക് മാറ്റിയത്.