c
കാനം രാജേന്ദ്രൻ

 സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് ഉദ്ഘാടനം ചെയ്യും

കൊല്ലം: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ 73-ാം സംസ്ഥാന സമ്മേളനം കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ ഇന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി.രാഹുൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ. രാജു, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, സെക്രട്ടറി എച്ച്. രാജീവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

ജനറൽ സെക്രട്ടറി എം.ജി. രാഹുൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.എസ്. അനിൽകുമാർ വരവ് ചെലവ് കണക്കുകളും എസ്. ഹരികുമാര ശർമ്മ ആഡിറ്റ് കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിക്കും. 'കെ.എസ്.ആർ.ടി.സി പുനരുദ്ധാരണം - പുനരവലോകനം" എന്ന വിഷയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന സെമിനാർ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സി എം.ഡി എം.പി. ദിനേശ്, കോർപ്പറേഷിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. നാളെ വൈകിട്ട് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ എന്നിവർ നാളെ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.