കൊല്ലം: പള്ളിമുക്കിലെ നിരന്തര സംഘർഷങ്ങൾക്കും സാമൂഹ്യവിരുദ്ധരുടെ വിളയാട്ടത്തിനും തടയിടാൻ ജംഗ്ഷനിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പിന്നിൽ വ്യാപാരികളും നാട്ടുകാരും ഒറ്റക്കെട്ടായി അണിനിരക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
നഗരത്തിൽ ഏറ്റവും കൂടുതൽ അക്രമസംഭവങ്ങൾ നടക്കുന്ന കേന്ദ്രമായി മാറുകയാണ് പള്ളിമുക്ക്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന സാമൂഹ്യവിരുദ്ധർ ഇടറോഡുകളിലടക്കം തമ്പടിക്കുന്നതിനാൽ സ്ത്രീകളും കുട്ടികളും രാത്രികാലങ്ങളിൽ യാത്ര ചെയ്യാനും മടിക്കുകയാണ്. ഒഴിഞ്ഞ പറമ്പുകളും റോഡ് വക്കുകളും കേന്ദ്രീകരിച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന സംഘങ്ങൾ ഇടയ്ക്കിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതും പതിവാണ്.
'' പൊലീസ് എയ്ഡ് പോസ്റ്റ് വന്നാൽ പള്ളിമുക്ക് ജംഗ്ഷനിൽ ഇപ്പോഴുള്ള അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമാകും. പതിവായി നടക്കുന്ന സംഘർഷങ്ങൾ കച്ചവടത്തെ ബാധിക്കുന്നുണ്ട്. ആക്രമസംഭവങ്ങൾക്ക് പുറമെ ഒരു പറ്റം ചെറുപ്പക്കാർ സ്ഥിരമായി വലിയ അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്ന തരത്തിൽ ബൈക്ക് റേസിംഗും നടത്തുന്നുണ്ട്.''
ഹാഷിർ (ഹോട്ടലുമട)
'' പള്ളിമുക്കിൽ പകൽനേരത്ത് സ്ഥിരമായി പൊലീസ് സാന്നിദ്ധ്യമുണ്ട്. എന്നാൽ അക്രമസംഭവങ്ങൾ നടക്കുന്നത് രാത്രിയാണ്. ഈ സമയത്ത് പൊലീസ് ഉണ്ടാകാറില്ല. പൊലീസ് സാന്നിദ്ധ്യം സ്ഥിരമായി ഉണ്ടാകാനും അക്രമസംഭവങ്ങൾ ഒഴിവാക്കാനും പള്ളിമുക്കിൽ പൊലീസ് ഔട്ട് പോസ്റ്റ് അനിവാര്യമാണ്. ഇക്കാര്യം ഉന്നയിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് നിവേദനം നൽകും.''
അൽത്താഫ് വസീം (പള്ളിമുക്ക് സ്വദേശി)