നിലവാരമില്ലാത്ത ദേശീയ പാതകൾ
1.കൊട്ടാരക്കര, പുനലൂർ വഴി കടന്നുപോകുന്ന കൊല്ലം- തിരുമംഗലം പാത (എൻ.എച്ച് 744)
2. അഞ്ചാലുംമൂട്, ഭരണിക്കാവ്, ചെങ്ങന്നൂർ വഴി പോകുന്ന കൊല്ലം- തേനി പാത (എൻ.എച്ച് 183)
3. ഭരണിക്കാവ്- വണ്ടിപ്പെരിയാർ (183 എ)
നിലവാരം
ദേശീയപാത 66ന്റെ ഭാഗമായഓച്ചിറ മുതൽ പാരിപ്പള്ളി വരെയുള്ള മേഖല മാത്രമാണ് ഭാഗികമായെങ്കിലും നിലവാരം പുലർത്തുന്നത്.
കൊല്ലം: അഞ്ച് മീറ്റർ പോലും വീതിയില്ലാത്ത റോഡിനെയടക്കം കൊല്ലം ജില്ലയിൽ ദേശീയപാതയായി പ്രഖ്യാപിച്ചെങ്കിലും അവയുടെ നിലവാരം ഉയർത്താൻ യാതൊരു നടപടിയുമില്ല. ജില്ലയിലൂടെ കടന്നുപോകുന്ന നാലു ദേശീയ പാതകളിൽ മൂന്നിന്റെയും അവസ്ഥയാണിത്.
കുന്നത്തൂർ താലൂക്കിലെ ഭരണിക്കാവ് മുതൽ പത്തനംതിട്ടയുടെ അതിർത്തിയായ ഏഴാംമൈൽ വരെയുള്ള 6കിലോമീറ്റർ മാത്രമാണ് ഭരണിക്കാവ്- വണ്ടിപ്പെരിയാർ പാതയിൽ (എൻ.എച്ച് 183) കൊല്ലം ജില്ലയ്ക്ക് സ്വന്തമായുള്ളത്.
ജില്ലാ ആസ്ഥാനത്ത് നിന്ന് കിഴക്കൻ മേഖലയിലേക്ക് നീളുന്ന കൊല്ലം- തിരുമംഗലം ദേശീയപാത (എൻ.എച്ച് 744) നിലവാരത്തിൽ ഇപ്പോഴും പഴയ സംസ്ഥാന പാതയാണ്. ദേശീയപാതയായി ഉയർത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വീതി കൂട്ടിയിട്ടില്ല. കേരള- തമിഴ്നാട് റോഡ് കോർപ്പറേഷനുകളുടെ അന്തർ സംസ്ഥാന ബസുകളും തമിഴ്നാട്ടിൽ നിന്നു വന്നുപോകുന്ന ചരക്കുവാഹനങ്ങളും സദാ ചീറിപ്പായുന്ന ഈ ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. കൊല്ലത്തേക്കുള്ള യാത്രയിൽ കരിക്കോട് മുതൽ കടപ്പാക്കട വരെയെത്താൻ പലപ്പോഴും മണിക്കൂറുകൾ വേണ്ടി വരും. ഇളമ്പള്ളൂർ, കുണ്ടറ തുടങ്ങി പ്രധാന സ്ഥലങ്ങളിലും റോഡിന്റെ വീതിക്കുറവ് യാത്രക്കാരെ വട്ടം ചുറ്റിക്കുന്നു. ഇതിനു സമാന്തരമായി നീളുന്ന കൊല്ലം- പുനലൂർ റെയിൽപാതയിലുള്ള ഇടറോഡുകളുടെ ലവൽ ക്രോസുകൾ ദുരിതം വർദ്ധിപ്പിക്കുകയാണ്.
ഭരണിക്കാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരിയുന്ന ഇളമ്പള്ളൂരിലും കുണ്ടറയിലും ലെവൽ ക്രോസുകൾ അടഞ്ഞു കിടന്നാൽ ദേശീയപാതയിൽ വാഹനങ്ങളുടെ വഴിമുടങ്ങും.
അഞ്ച് മീറ്റർ പോലുമില്ലാത്ത കൊല്ലം - തേനി പാത
കൊല്ലത്ത് നിന്ന് ചെങ്ങന്നൂരിലെത്താനുള്ള വേഗപാതയാണ് കൊല്ലം - തേനി ദേശീയപാതയെങ്കിലും പലയിടത്തെയും റോഡിന്റെ വീതി പഞ്ചായത്ത് റോഡിന്റെ നിലവാരത്തിലാണ്. ഹൈസ്കൂൾ ജംഗ്ഷൻ മുതൽ അഞ്ചാലുംമൂട് വരെയുള്ള ഭാഗത്ത് പലയിടത്തും വീതി കഷ്ടിച്ച് അഞ്ച് മീറ്ററാണ്.
ഇത്രയും വീതി ഒപ്പിക്കാൻ തന്നെ മതിലുകളോട് ചേർത്താണ് പലയിടത്തും ടാറിംഗ് നടത്തിയത്. ഇതോടെ കാൽനടക്കാർക്ക് ഇടമില്ലാത്ത പാതയായി ഇത് മാറി. കോടികൾ മുടക്കി റീ ടാറിംഗ് നടത്തിയതല്ലാതെ ഒരിഞ്ച് വീതി പോലും വർദ്ധിപ്പിച്ചില്ല.
ഓച്ചിറ - പാരിപ്പള്ളി 45 മീറ്റർ
ആലപ്പുഴ ചേർത്തല മുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ ദേശീയപാതയുടെ വീതി 45 മീറ്ററാക്കുന്ന പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. സ്ഥലമേറ്റെടുപ്പ് പ്രക്രിയപോലും പൂർത്തിയായിട്ടില്ല. ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്ന് പോകുന്ന വഴിയാണിത്.
എം.സി റോഡ് മാതൃക
തിരുവനന്തപുരം- കോട്ടയം എം.സി റോഡിന്റെ ജില്ലയിലൂടെ കടന്ന് പോകുന്ന ഭാഗങ്ങൾ ദേശീയപാതകളെക്കാൾ നിലവാരമുള്ളതാണ്.
കെ.എസ്.ടി.പി യുടെ മേൽനോട്ടത്തിൽ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച റോഡിന് കാര്യമായ തകരാറുകളില്ല. അടിക്കടി ടാറിംഗ് തകരുന്ന ദേശീയപാതകൾ മാതൃകയാക്കേണ്ട റോഡാണിത്. നിർമ്മാണ ഘട്ടത്തിൽ തന്നെ വീതിയിൽ സ്ഥലമേറ്റെടുത്താണ് ഇവിടെ ടാറിംഗ് നടത്തിയത്.