കുണ്ടറയിൽ നിന്ന് കവർന്ന മാലകൾ വിറ്റ പണമെന്ന നിഗമനത്തിൽ പൊലീസ്
സിറ്റി പൊലീസ് പരിധിയിൽ നിന്ന് നഷ്ടമായ മാലകൾ കണ്ടെത്താനായില്ല
കൊല്ലം: ജില്ലയിലെ ആറിടത്ത് തോക്ക് ചൂണ്ടി മാല കവർന്ന കേസിലെ മുഖ്യപ്രതി ഡൽഹി സ്വദേശി സത്യദേവിൽ നിന്ന് പിടിച്ചെടുത്ത ഒരു ലക്ഷം രൂപ കുണ്ടറയിൽ മാല നഷ്‌ടമായവർക്ക് കോടതി മുഖേന ലഭിച്ചേക്കും. സെപ്തംബർ 28ന് രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 12.30 വരെ കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുമ്പിൽ, കർബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് സത്യദേവ് അടങ്ങുന്ന സംഘം വഴിയാത്രക്കാരുടെ മാല പൊട്ടിച്ചെടുത്തത്.
കുണ്ടറയിലെ രണ്ട് കേസുകൾ അന്വേഷിക്കുന്ന കൊട്ടാരക്കര റൂറൽ പൊലീസ് സംഘമാണ് സത്യദേവിനെ ഡൽഹിയിൽ നിന്ന് പിടികൂടിയത്. അറസ്റ്റിലാകുന്ന സമയത്ത് സത്യദേവിന്റെ കയ്യിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ പിടിച്ചെടുത്തതും റൂറൽ പൊലീസാണ്. കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പുകളും പൂർത്തിയാക്കി. സത്യദേവിന്റെ കൂട്ടുപ്രതികളെ പിടികൂടുന്നതിനായി റൂറൽ പൊലീസിന്റെ സംഘം ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്. സംഘം തിരിച്ച് വന്നാൽ ചിലപ്പോൾ പിന്നീടൊരിക്കലും കൊടും ക്രിമനലുകളായ മോഷ്ടാക്കളെ പിടികൂടാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ് ഡൽഹിയിൽ തുടരുന്നത്.
സംഘത്തിലെ മറ്റുള്ളവരെയും പിടികൂടാൻ ഡൽഹി പൊലീസിന്റെ സഹായത്തോടെ നിരന്തരം അന്വേഷണം നടത്തുകയാണ്. മറ്റുള്ളവരെ കൂടി പിടികൂടി കുറ്റപത്രം അതിവേഗത്തിൽ സമർപ്പിക്കാനാണ് ശ്രമം. റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് അന്വേഷണത്തിന്റെ ഓരോ ചുവടും മുന്നോട്ട് പോകുന്നത്. എന്നാൽ സിറ്റി പൊലീസ് പരിധിയിലെ നാലിടങ്ങളിൽ നഷ്ടമായ മാലയെ കുറിച്ച് വ്യക്തമായ വിവരം ശേഖരിക്കാനായിട്ടില്ല.
പ്രതികളുടെ വിവരം നൽകിയത് കുണ്ടറയിലെ ചായക്കടക്കാരൻ
പ്രതികളെ കുറിച്ചുള്ള ആധികാരിക വിവരം പൊലീസിന് ലഭിച്ചത് കുണ്ടറയിലെ ചായ കച്ചവടക്കാരനിൽ നിന്നാണ്. ആദ്യത്തെ മാല മോഷണം കഴിഞ്ഞ് സംഘമെത്തിയത് ആറുമുറിക്കടയിലെ ചായക്കടയിലേക്കാണ്. ചായ ഒഴിച്ചെങ്കിലും കുടിക്കാൻ നിൽക്കാതെ പണം നൽകി ഇവർ പോയി. അരമണിക്കൂറിന് ശേഷമെത്തി മറന്നുവച്ച ബാഗുമെടുത്തു. ബൈക്കിലെത്തിയവർക്ക് പിന്നാലെ സ്കോർപിയോ കാർ പോയതും കടയുടമ ശ്രദ്ധിച്ചിരുന്നു. ഉച്ചയോടെ മാല മോഷണ വാർത്ത പരന്നപ്പോഴാണ് രാവിലത്തെ സംഭവത്തിൽ കടയുടമയ്ക്ക് അസ്വാഭാവികത തോന്നിയത്.
തുടർന്ന് ഈ വിവരം പൊലീസിനെ അറിയിച്ചു. കടപ്പാക്കടയിലെ കാമറയിൽ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പൊലീസ് കാണിച്ചപ്പോൾ രാവിലെ കടയിലെത്തിയവരെ ഉടമ തിരിച്ചറിഞ്ഞു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബൈക്കിന് പിന്നിലെ കാറിന്റെ ദൃശ്യങ്ങൾ കൂടി കാമറകളിൽ പൊലീസ് തിരഞ്ഞത്. കാറിൽ മോഷ്ടാക്കൾ സംസ്ഥാനം വിട്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത് ഇങ്ങനെയാണ്. ഡൽഹി രജിസ്ട്രേഷൻ കാർ ആണെന്ന് തിരിച്ചറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പ്രത്യേക സംഘത്തെ തയ്യാറാക്കി റൂറൽ എസ്.പി ഡൽഹിയിലേക്ക് അയച്ചു. മോഷണം കഴിഞ്ഞ് ഡൽഹിയിൽ തിരിച്ചെത്തിയ സത്യദേവ് റൂറൽ പൊലീസിന്റെ പിടിയിലുമായി.