അഴിമതി സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യം
കൊല്ലം: താലൂക്ക് ഓഫീസ് മന്ദിര നിർമ്മാണത്തിലെ അഴിമതി മറയ്ക്കാൻ കരാറുകാരൻ അറ്റകുറ്റപ്പണി തുടങ്ങി. നിർമ്മാണം പൂർത്തിയായി കഷ്ടിച്ച് മൂന്ന് വർഷം മാത്രമായ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണതോടെയാണ് കെട്ടിടത്തിന്റെ അപാകതകൾ പുറത്തു വന്നത്.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുകയാണ്. 5.5 കോടി ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ പലയിടങ്ങളിലും വിള്ളലുകൾ ഉള്ളതിന് പുറമെ ഭിത്തികൾ പൊളിഞ്ഞിളകുകയും ചെയ്തിട്ടുണ്ട്. നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ച ജനാലകൾ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
ജീവനക്കാർ ആശങ്കയിൽ
കെട്ടിടത്തിന്റെ കോൺക്രീറ്റ് കഴിഞ്ഞ ശേഷമാണ് ഫാനുകൾ ഘടിപ്പിക്കാൻ കൊളുത്തുകൾ സ്ഥാപിച്ചത്. കോൺക്രീറ്റ് തുരന്ന് സ്ഥാപിച്ച ഫാനുകൾ തലയിൽ പതിക്കുമോയെന്ന ആശങ്കയിലാണ് ജീവനക്കാർ. ആറ് നില കെട്ടിടത്തിന്റെ എല്ലാ നിലകളിലും ജലസംഭരണികളുണ്ട്. എന്നാൽ ഈ ജലസംഭരണികളിൽ നിന്നുള്ള വെള്ളം ഒറ്റ പൈപ്പ് ലൈൻ വഴിയാണ് വരുന്നത്. അതുകൊണ്ട് തന്നെ ശുചിമുറികളിലടക്കം പലപ്പോഴും വെള്ളം ലഭിക്കാറുമില്ല.
താലൂക്ക് ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ കരാറെടുത്തയാൾ പിന്നീട് ഉപകരാർ നൽകുകയായിരുന്നു. ഈ ഉപകരാറുകാരനാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നത്. ഇതുകൊണ്ട് അപാകതകൾ പൂർണമായും പരിഹരിക്കാൻ കഴിയില്ലെന്നാണ് താലൂക്ക് ഓഫീസിലെ ജീവനക്കാർ പറയുന്നത്. നിർമ്മാണത്തിന് പിന്നിലെ അഴിമതി സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
5.5 കോടി രൂപ നിർമ്മാണ ചെലവ്
പൂർത്തിയായിട്ട് മൂന്ന് വർഷം മാത്രം