കൊല്ലം : സ്വകാര്യ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ ബംഗളുരു വിമാനത്താവളത്തിൽ പിടിയിലായ അഞ്ചൽ ശ്യാം നിവാസിൽ ശ്യാംകുമാറിനെതിരെ (30) വിവിധ സ്റ്റേഷനുകളിലായി 30 ഓളം കേസുകൾ. ശ്യാം കുമാറിനെ ഇന്നലെ കണ്ണനല്ലൂർ പൊലീസ് ബംഗളുരുവിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി.
കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി അർഷാദ് നൽകിയ പരാതിയെ തുടർന്ന് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അർഷാദിന്റെ മകൾക്ക് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽകോളേജിൽ മെഡിക്കൽ എൻട്രൻസിന് സ്‌പോട്ട് അഡ്മിഷൻ വഴി പ്രവേശനം തരപ്പെടുത്താമെന്ന് വാഗ്ദാനം നൽകി 16.60 ലക്ഷം രൂപ പ്രതി കൈപ്പറ്റി. നിരവധി തവണ ഇയാളെ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ വിദേശത്ത് പോകാനെത്തിയപ്പോഴാണ് എയർപോർട്ടിൽ പിടിയിലായത്.
പലരിൽ നിന്നായി ഒരു കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കുന്നിക്കോട്, കണ്ണനല്ലൂർ, പുനലൂർ, കോട്ടയം ജില്ലയിലെ കോട്ടയം ഈസ്റ്റ്, കറുകച്ചാൽ, പത്തനംതിട്ട ജില്ലയിലെ ചിറ്റാർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
തട്ടിപ്പ് ആരംഭിച്ചത് 2012ൽ
2012 മുതലാണ് ശ്യാംകുമാർ തട്ടിപ്പാരംഭിച്ചത്. ബംഗളുരുവിൽ നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയത്. എം.ബി.ബി.എസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഇരയായിട്ടുള്ളത്. 30 ലക്ഷം രൂപയ്ക്ക് അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നൽകി പകുതി തുക വാങ്ങിയ ശേഷം മുങ്ങുകയാണ് ഇയാളുടെ രീതി. 2019 മാർച്ചിൽ ഇയാളുടെ സഹായിയായ ഹരികൃഷ്ണൻ കറുകച്ചാൽ പൊലീസിന്റെ പിടിയിലായതോടെയാണ് ശ്യാംകുമാർ മുങ്ങിയത്.
വർഷങ്ങൾക്ക് മുമ്പ് ഇയാൾ കൊട്ടാരക്കരയിൽ ഒരു കമ്പ്യൂട്ടർ സ്ഥാപനം നടത്തി നിരവധി പേരിൽ നിന്നായി എഴുലക്ഷത്തിലധികം രൂപ തട്ടിയെടുത്തിരുന്നു. ഒരാളിൽ നിന്ന് 60,000 രൂപ വീതം കമ്പ്യൂട്ടർ കോഴ്സ് പഠിപ്പിക്കാനായി വാങ്ങിയിരുന്നു. കോഴ്സ് പൂർത്തിയാകും മുൻപേ ശ്യാംകുമാർ സ്ഥാപനം പൂട്ടി മുങ്ങി. ഇയാൾ പിടിയിലായ വിവരം അറിഞ്ഞ് കൊട്ടാരക്കര സ്വദേശിനികളായ 100 ഓളം പെൺകുട്ടികൾ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.