navas
ജീവനക്കാർക്ക് താമസിക്കുന്നതിനായി നിർമ്മിച്ച കെട്ടിടങ്ങൾ കാട് കയറി നശിക്കുന്നു

ശാസ്താംകോട്ട: ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. മുപ്പത് വർഷങ്ങൾക്ക് മുമ്പ് പ്രസവമുറിയും സ്വന്തമായി മോർച്ചറിയുമടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്ന ശൂരനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ 2010ൽ ആണ് സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. 400 മുതൽ 500 വരെ രോഗികൾ ചികിത്സയ്ക്കെത്തുന്ന ആശുപത്രിയെ സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയർത്തി പത്തു വർഷങ്ങൾക്കു ശേഷവും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സ്റ്റാഫ് ഘടന തന്നെയാണ് പിന്തുടരുന്നത്. ജീവിത ശൈലീരോഗങ്ങളുടെ പ്രത്യേക ക്ലിനിക്കുള്ള വ്യാഴാഴ്ച ദിവസം എഴുനൂറിലധികം രോഗികളാണ് ചികിത്സയ്ക്കെത്തുന്നത്. അമ്പത് വർഷത്തിലധികമായി കിടത്തി ചികിത്സ ഉണ്ടായിരുന്ന ആശുപത്രിയിൽ ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ കിടത്തിച്ചികിത്സ നിറുത്തി വച്ചിരുന്നു. യു.ഡി.എഫ് പ്രവർത്തകർ നടത്തിയ സമരത്തിന്റെ ഫലമായാണ് കിടത്തിച്ചികിത്സ പുനസ്ഥാപിച്ചത്.

ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിലുള്ള അധികൃതരുടെ വീഴ്ച്ചയാണ് ഇവിടത്തെ പ്രധാന പ്രശ്നം. ജീവനക്കാരെ നിയമിക്കുമെന്ന ജനപ്രതിനികളുടെ പ്രഖ്യാപനങ്ങളല്ലാതെ നിയമനങ്ങൾ നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സ്ഥല പരിമിതി മൂലം രോഗികൾ ബുദ്ധിമുട്ടുകയാണ്. എന്നാൽ മൂന്നര ഏക്കറോളം സ്ഥലമുണ്ടായിട്ടും ശൂരനാട് സി.എച്ച്.സിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി താലൂക്ക് ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാൻ ശ്രമിക്കാത്ത ജനപ്രതിനിധികൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

2010ൽ ആണ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയത്

രോഗികൾ വലയുന്നു

നിലവിൽ നാഷണൽ ഹെൽത്ത് മിഷന്റെയടക്കം ആറു ഡോക്ടർമാരുണ്ടെങ്കിലും സ്ഥിരമായി മൂന്നു ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷന്റെ ഉൾപ്പടെ അഞ്ചു നഴ്സുമാരുള്ള ആശുപത്രിയിൽ രണ്ട് പേർ അവധിയിലായതിനാൽ മൂന്നു പേരുടെ സേവനമാണുള്ളത്. ശൂരനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി, ശാസ്താംകോട്ട, കുന്നത്തൂർ, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് ഇവിടുന്നുള്ള ജീവനക്കാർ പോകേണ്ടതിനാൽ ചികിത്സയ്ക്കെത്തുന്ന രോഗികൾ വലയുകയാണ്.

പഴക്കം ചെന്ന കെട്ടിടങ്ങൾ

മൂന്നര ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ അധികവും പഴക്കം ചെന്ന കെട്ടിടങ്ങളാണുള്ളത്. ജീവനക്കാർക്ക് താമസിക്കുന്നതിനായി നിർമ്മിച്ച കെട്ടിടങ്ങൾ കാടുകയറി നശിക്കുകയാണ്. ആശുപത്രിയുടെ വികസനത്തിനായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എം.എൽ.എ മുപ്പത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ശിലാസ്ഥാപനത്തിന്റെ തീയതി തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.