പെൻഷൻ സർക്കാർ ഏറ്റെടുത്താൽ തീരാവുന്ന പ്രതിസന്ധിയേ കെ.എസ്.ആർ.ടി.സിക്കുള്ളൂ
കൊല്ലം: യഥാസമയം ശമ്പളംപോലും ലഭിക്കാതെ ത്യാഗം സഹിച്ച് പൊതുമേഖലയെ സംരക്ഷിക്കുന്ന തൊഴിലാളികളെ മറന്ന്, സുശീൽഖന്നമാരാണ് ശരിയെന്ന് കരുതുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. (കെ. എസ്. ആർ.ടി.സിയെ നവീകരിക്കാനും പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുമുള്ള പദ്ധതി സമർപ്പിക്കാൻ കൊൽക്കത്ത ഐ.ഐ.എമ്മിലെ പ്രൊഫ. സുശീൽ ഖന്നയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘത്തെ 2016ൽ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്)
കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) 73-ാം വാർഷിക സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം രാജേന്ദ്രൻ.
കെ.എസ്.ആർ.ടി.സിയുടെ പെൻഷൻ ബാദ്ധ്യത സർക്കാർ ഏറ്റെടുത്താൽ തീരാവുന്ന പ്രതിസന്ധി മാത്രമേ കെ.എസ്.ആർ.ടി.സിക്കുള്ളൂ. സാമാന്യബുദ്ധിയുള്ള ഒരു മാനേജ്മെന്റിന് പരിഹരിക്കാൻ കഴിയുന്ന വിഷയമാണിത്.
ബഡ്‌ജറ്റിൽ 1000 ബസ് വാങ്ങുമെന്ന് എഴുതിയത് കൊണ്ടായില്ല. അതിനുള്ള പണം നൽകണം. പ്രശ്‌നം സങ്കീർണ്ണമാക്കുന്ന നിലപാടാണ് പലപ്പോഴും മാനേജ്മെന്റ് സ്വീകരിച്ചത്. പരിശീലനം ലഭിച്ച ഡ്രൈവർമാരെ പിരിച്ചുവിട്ട് എംപ്ലോയ്മെന്റിൽ നിന്ന് ആളെ എടുത്ത് ഓടിച്ചോളൂ എന്ന് പറയുന്നത് ശരിയല്ല. താൽക്കാലിക ജീവനക്കാർ വേണ്ടെന്ന് കോടതികൾ പറഞ്ഞാൽ സാഹചര്യം അവരെ ബോദ്ധ്യപ്പെടുത്താൻ സർക്കാരിനാകണം. പരിചയസമ്പന്നരായ തൊഴിലാളികൾ പുറത്തുപോകേണ്ടി വരികയും പകരം ആളില്ലാതാവുകയും ചെയ്‌തപ്പോഴാണ് 1000 ഷെഡ്യൂളുകൾ നിറുത്തി വയ്ക്കേണ്ടിവന്നത്. കെ.എസ്.ആർ.ടി.സിയുടെ പണം പോകുന്ന വഴികൾ തൊഴിലാളികളെക്കാൾ നന്നായി മറ്റാർക്കും അറിയില്ല. ട്രേഡ് യൂണിയൻ നേതാക്കൾ, തൊഴിലാളികൾ എന്നിവരുമായാണ് പ്രതിസന്ധി പരിഹരിക്കാനുള്ള കൂടിയാലോചനകൾ നടത്തേണ്ടതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ, സ്വാഗതസംഘം ചെയർമാൻ കെ.എസ്.ഇന്ദുശേഖരൻ നായർ, യൂണിയൻ ജനറൽ സെക്രട്ടറി എം.ജി.രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി എ.വി.ഉണ്ണികൃഷ്ണൻ രക്തസാക്ഷി പ്രമേയവും സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ.ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കെ.എസ്.ആർ.ടി.സിയെ ആത്മഹത്യാ
മുനമ്പിലേക്ക് എത്തിക്കില്ല: എ.കെ.ശശീന്ദ്രൻ
കൊല്ലം: ആത്മഹത്യാ മുനമ്പിലേക്ക് കെ.എസ്.ആർ.ടി.സിയെ എത്തിക്കാൻ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ,ശശീന്ദ്രൻ. കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിലാണെന്ന് ആരും ആരോടും പറഞ്ഞറിയിക്കേണ്ടതില്ല. തൊഴിലാളികൾക്ക് ആശങ്കയുണ്ടെന്ന കാര്യം ബോധ്യമില്ലാത്ത സർക്കാരല്ല സംസ്ഥാനം ഭരിക്കുന്നത്. പരിഹരിക്കാൻ പല ശ്രമങ്ങൾ നടത്തിയിട്ടും വേണ്ടത്ര വിജയം കൈവരിക്കാനായില്ല. പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ അവലോകന യോഗം നടത്താൻ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. യോഗം നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ശമ്പളവും പെൻഷനും കൊടുക്കാൻ വരുമാനം തികയുന്നില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയും അത്ര മെച്ചമല്ല. സ്വകാര്യ വൽക്കരണം ചെറുക്കാൻ തൊഴിലാളികളോടൊപ്പം സർക്കാർ ഉണ്ടാകുമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.