കരുനാഗപ്പള്ളി: ഹൈദ്രാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്പ്മെന്റിലെ ഉദ്യോഗസ്ഥർ കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് സന്ദർശിച്ചു. ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ട്, വികസന ഫണ്ട്, കേന്ദ്രാവിഷ്കൃത പദ്ധതികൾ, സംസ്ഥാന ആവിഷ് കൃത പദ്ധതികൾ എന്നിവയിലൂടെ ലഭ്യമാകുന്ന ധനവിഹിതം ഫലപ്രദമായി വിനിയോഗിക്കുന്നതെങ്ങനെയെന്ന് മനസിലാക്കുകയായിരുന്നു സന്ദർശനത്തിന്റെ ലഷ്യം. ഗ്രാമ പഞ്ചായത്തിന്റെ വികസന മാതൃക, തനത് വരുമാനം സ്വരൂപിക്കൽ, ആസ്തി നിർമ്മാണത്തിൽ സ്വീകരിച്ച സമീപനം എന്നിങ്ങനെ വിവധങ്ങളായ പ്രവർത്തനങ്ങൾ സംഘം പരിശോധിച്ചു. കേരളത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, കില കൊട്ടാരക്കര മാനവ വിഭവ ശേഷി കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ എന്നിവർ സംഘത്തെ അനുഗമിച്ചു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, കൃഷി ഓഫീസർ വി.ആർ. ബിനേഷ്, സെക്രട്ടറി മനോജ്, വൈസ് പ്രസിഡന്റ് ഡി. രാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുമൈലത്ത് എന്നിവർ സംഘത്തെ സ്വീകരിച്ചു.