ഓടനാവട്ടം: സേഫ് കൊല്ലം, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, വെളിയം ഗ്രാമ പഞ്ചായത്ത്, ഓടനാവട്ടം കെ.ആർ.ജി.പി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓടനാവട്ടം സ്കൂളിൽ രൂപീകരിച്ച കാർഷിക ക്ലബിന്റെ ഉദ്ഘാടനം കുടവട്ടൂർ ഏലായിൽ വിവിധ പരിപാടികളോടെ നടത്തി. വിദ്യാഭ്യാസ-കൃഷി വകുപ്പുകളുടെ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് കാർഷിക ക്ലബ് സ്കൂളിൽ രൂപീകരിച്ചത്. പി.ടി.എ പ്രസിഡന്റ് ആർ. പ്രേമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൽ. ബാലഗോപാൽ, വാർഡ് മെമ്പർ കെ. രമണി, അനിത.കെ, എസ്. ഷാജി, ലൂയിസ് മാത്യു, വി.കെ. ഗോപാലകൃഷ്ണപിള്ള, മേഘ എസ്. മോഹൻ, ആർ.എസ്. ജയലേഖ, ഗോപിനാഥൻപിള്ള എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ എച്ച്. ശ്രീലേഖ സ്വാഗതവും എൽ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഏലാവികസന സമിതിയുടെ ആഭിമുഖ്യത്തിൽ കന്നുകൂട്ടും സ്കൂൾ വിദ്യാർത്ഥികളുടെ ഞാറു നടീലും നടന്നു.