c
സ്ത്രീകളുടെ മാല കവർന്ന കേസിൽ പിടിയിലായ സുകു, ബിനു, മനോജ്

 കവർന്നത് ആറര പവൻ

കൊല്ലം: വീട്ടുജോലി ചെയ്യാനെത്തി വയോധികരായ വീട്ടമ്മമാരുടെ സ്വർണമാല പൊട്ടിച്ചെടുത്ത കേസുകളിൽ മൂന്ന് പേർ അറസ്റ്റിലായി.

കരിക്കോട് പഴയ ബസ് സ്റ്റാൻഡിന് സമീപം കനക ഭവനിൽ ബിനു (40), മയ്യനാട് റെയിൽവേ സ്റ്റേഷന് സമീപം രാധാ ഭവനിൽ സുകു (34), ചെങ്ങന്നൂർ എണ്ണക്കാട് ചേരി നെടിയത്ത് കിഴക്കതിൽ മനോജ് (43) എന്നിവരെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അഞ്ചുകല്ലുംമൂട്ടിലെ ഊമയായ വീട്ടമ്മയുടെ ഒന്നര പവൻ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതികളെ ചോദ്യം ചെയ്‌തപ്പോഴാണ് സമാന സ്വഭാവമുള്ള രണ്ട് കേസുകളുടെ വിവരങ്ങൾ ലഭിച്ചത്. തേങ്ങയിട്ട് നൽകാമെന്ന് പറഞ്ഞാണ് അഞ്ചുകല്ലുംമൂട്ടിലെ വീട്ടിൽ ബിനു ആദ്യമെത്തിയത്. അടുത്ത ദിവസം കൂട്ടുപ്രതികൾക്കൊപ്പമെത്തി പ്ലാവിന്റെ ശിഖരങ്ങൾ വെട്ടി. പിന്നീട് വീട്ടിലെത്തിയ ബിനു കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വയോധികയായ ജോലിക്കാരി വെള്ളമെടുക്കാൻ അകത്തേക്ക് പോയപ്പോഴാണ് ഊമയായ വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. ബിനുവിനെ ചോദ്യം ചെയ്‌തപ്പോഴാണ് ആനന്ദവല്ലീശ്വരത്തും രാമേശ്വരം ക്ഷേത്രത്തിന് സമീപത്തും

വയോധികരായ വീട്ടമ്മമാരുടെ മാല പൊട്ടിച്ചതിൽ പങ്കുണ്ടെന്ന് സമ്മതിച്ചത്. മൂന്ന് കേസുകളിലും ബിനുവും സുകുവും പ്രതികളാണ്. അഞ്ചുകല്ലുംമൂട്ടിലെ ഊമയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ മാത്രമാണ് മനോജ് പ്രതി.

പറമ്പിലെ പുല്ല് ചെത്തുന്നതിനും കാർഷിക ജോലികളിൽ സഹായിക്കാനുമാണ് ആനന്ദവല്ലീശ്വരത്തെയും രാമേശ്വരത്തെയും വീടുകളിൽ മോഷ്‌ടാക്കൾ ആദ്യമെത്തിയത്. ആനന്ദവല്ലീശ്വരത്ത് നിന്ന് മൂന്നര പവന്റെയും രാമേശ്വരത്ത് നിന്ന് ഒന്നര പവന്റെയും മാലയാണ് പൊട്ടിച്ചത്. പെൻഷൻ വാങ്ങി മടങ്ങുകയായിരുന്ന ആളിന്റെ മാല ആശ്രാമം മൈതാനത്തിന് സമീപത്ത് വച്ച് പൊട്ടിച്ച കേസിലും ബിനു മുൻപ് പ്രതിയാണ്. മോഷ്ടാക്കളിൽ നിന്ന് സ്ഥിരമായി സ്വർണം വാങ്ങിയിരുന്ന ജുവലറി ഉടമയെ പൊലീസ് ചോദ്യം ചെയ്‌തു. കടയിൽ നിന്ന് സ്വർണം കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തു. വെസ്റ്റ് സി.ഐ ജി.രമേശിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.