kallada
2018 ഓഗസ്റ്റ് മാസത്തിലെ വെള്ളപ്പൊക്കത്തിൽ മുളക്കൽ കടവിൽ റോഡിൽ വെള്ളം കര കവിഞ്ഞു ഒഴുകിയപ്പോൾ

പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു

പടിഞ്ഞാറേക്കല്ലട : കടപുഴ വളഞ്ഞവരമ്പ് കാരാളിമുക്ക് റോഡ് നവീകരിക്കണമെന്നും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഭാഗത്ത് റോഡിന്റെ ഉയരം കൂട്ടണമെന്നും പ്രദേശവാസികളുടെ ആവശ്യം. പടിഞ്ഞാറേക്കല്ലട പഞ്ചായത്തിലെ പ്രധാന പാതകളിൽ ഒന്നാണ് കടപുഴ വളഞ്ഞവരമ്പ് കാരാളിമുക്ക് റോഡ്. 9 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ 5 കിലോമീറ്ററോളം ഭാഗം കല്ലടയാറിന്റെ തീരത്തു കൂടിയാണ് കടന്നു പോകുന്നത്. മുൻപ് ഉണ്ടായ വെള്ളപ്പൊക്കത്തിൽ വി.കെ.എസ് ജംഗ്ഷൻ മുതൽ തോപ്പിൽ കടവ് വരെയുള്ള റോഡിന്റെ ഭാഗത്ത് വെള്ളം കയറിയിരുന്നു. വെള്ളപ്പൊക്ക സമയം കല്ലടയാറ്റിൽ ജലനിരപ്പുയരുന്നതോടൊപ്പം റോഡിന്റെ മിക്ക ഭാഗങ്ങളിലും വെള്ളം കയറുന്നത് പതിവാണ്. ലോറിയിൽ കൊണ്ടുവന്ന് ചെമ്മണ്ണ് ചാക്കിൽ നിറച്ച് റോഡിന്റെ വശങ്ങളിൽ നിരത്തിയാണ് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചത്. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ നിരവധി കുടുംബങ്ങൾ ദുരിതത്തിലായേനെ. പൊലീസിന്റെയും നാട്ടുകാരുടെയും ബന്ധപ്പെട്ട അധികൃതരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് അന്ന് ദുരന്തം ഒഴിവായത്.

9 കിലോമീറ്റർ ദൂരമുള്ള റോഡിന്റെ 5 കിലോമീറ്ററോളം ഭാഗം കല്ലടയാറിന്റെ തീരത്തു കൂടിയാണ് കടന്നു പോകുന്നത്.

റോഡിന്റെ നവീകരണം

കൊല്ലം - തേനി ദേശീയപാതയും അടൂർ - ചവറ സംസ്ഥാന പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി റോഡിന്റെ നവീകരണം കടപുഴയിൽ നിന്ന് ആരംഭിച്ചിട്ടുണ്ട്. റോഡിലെ കലുങ്കുകളുടെയും പാർശ്വഭിത്തികളുടെയും നിർമ്മാണമാണ് നിലവിൽ നടന്നു വരുന്നത്.

കടപുഴ, വളഞ്ഞവരമ്പ്, കാരാളിമുക്ക് റോഡ് നവീകരണത്തിന്റെ ഭാഗമായി വി.കെ.എസ് ജംഗ്ഷൻ മുതൽ തോപ്പിൽ കടവ് വരെയുള്ള റോഡിന്റെ ഉയരം വർദ്ധിപ്പിച്ച് വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് തങ്ങളെ സംരക്ഷിക്കണം

നാട്ടുകാർ