കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും
കൊല്ലം: വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിൻമുനയിൽ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസിലെ മുഖ്യപ്രതി സത്യദേവുമായി നഗരത്തിൽ മോഷണം നടന്ന നാലിടങ്ങളിൽ ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുന്നിൽ, കർബലയിൽ ഫാത്തിമ മാതാ കോളേജിന് സമീപം, പട്ടത്താനം അംഗനവാടിക്ക് സമീപം എന്നിവിടങ്ങളിലാണ് സത്യദേവുമായി പൊലീസ് സംഘമെത്തുക.
സെപ്‌തംബർ 28 ന് രാവിലെ കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി എന്നിവിടങ്ങളിൽ മോഷണം നടത്തിയ ശേഷമാണ് സത്യദേവും സംഘവും നഗരത്തിലെ നാലിടങ്ങളിൽ മോഷണത്തിനെത്തിയത്. റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ കുണ്ടറയിലെ മോഷണ സ്ഥലങ്ങളിൽ തെളിവെടുപ്പ് പൂർത്തീകരിച്ചിരുന്നു.
കുണ്ടറയിലെ രണ്ട് കേസുകൾ അന്വേഷിക്കുന്ന കൊട്ടാരക്കര റൂറൽ പൊലീസ് സംഘമാണ് സത്യദേവിനെ ഡൽഹിയിൽ നിന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് ഒരു ലക്ഷം രൂപ, രണ്ടര ലക്ഷം വില മതിക്കുന്ന തോക്ക്, സ്കോർപിയോ കാർ എന്നിവയും പിടിച്ചെടുത്തിരുന്നു. ഡൽഹിയിൽ നിന്ന് വിമാനമാർഗം എത്തിച്ച് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ സത്യദേവിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കാണ് റിമാന്റ് ചെയ്‌ത് അയച്ചത്. പിന്നീട് കോടതി മുഖേനെ കസ്റ്റഡിയിൽ വാങ്ങിയാണ് കുണ്ടറയിലെ മോഷണങ്ങളിൽ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കിയത്. തുടർന്നാണ് നഗരത്തിലെ മോഷണങ്ങളിൽ സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങിയത്. സായുധ പൊലീസ് സംഘത്തിന്റെ സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കുക. കൊലപാതകങ്ങൾ, മോഷണം ഉൾപ്പെടെ നൂറിലേറെ ക്രിമനൽ കേസിലെ പ്രതിയും നൂറിലേറെ അംഗങ്ങൾ ഉള്ള ഗുണ്ടാ സംഘത്തിന്റെ തലവനുമാണ് സത്യദേവ്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കനത്ത സുരക്ഷയിലാണ് സത്യദേവിനെ പാർപ്പിച്ചിരിക്കുന്നത്. കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും.