കൊട്ടാരക്കര: വികലാംഗ കോളനിയിലെ ചെറിയ കുടിലിൽ നിന്നാണ് സത്യദേവ് ഗുണ്ടാത്തലവനായ 'സത്യ'യായി വളർന്നത്. തീർത്തും ദാരിദ്ര്യത്തിന്റെ നടുവിലായിരുന്നു സത്യദേവിന്റെ കുട്ടിക്കാലം. അച്ഛൻ ഭിന്നശേഷിക്കാരനായതിനാൽ സർക്കാർ ഭിന്നശേഷിക്കാർക്കായി അനുവദിച്ച കോളനിയിലായിരുന്നു താമസം.
മൂന്നുനേരം ശരിയായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. നാലാം ക്ളാസിൽ പഠനം നിറുത്തിയ സത്യദേവ് ചില്ലറ ജോലികൾ ചെയ്ത് ചെറുപ്പത്തിലേ വരുമാനം കണ്ടെത്താൻ തുടങ്ങി. ആക്രി പെറുക്കിയും കൂലിപ്പണി ചെയ്തും കഴിഞ്ഞുകൂടുമ്പോഴാണ് വാതുവയ്പിലും ചൂതുകളിയിലും കമ്പം തുടങ്ങിയത്. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടായിരുന്നു അധികവും വാതുവയ്പ്. ചൂതുകളിയിലൂടെ വരുമാനം വർദ്ധിച്ചു. തുടർന്ന് ഉന്നതർക്കിടയിലെ ചൂതുകളിയിലും വാതുവയ്പ്പിലുമുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ സത്യദേവിന് ചുമതല ലഭിച്ചു.
തല്ലുണ്ടാക്കിയാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിരുന്നത്. ക്രമേണ അതൊരു സംഘമായി മാറി. സത്യ എന്ന പേരിൽ സത്യദേവിന്റെ ഗുണ്ടാസംഘം വളർന്നത് പെട്ടെന്നാണ്. മോഷണവും പിടിച്ചുപറിയും കള്ളക്കടത്തുമൊക്കെയായി സത്യ വളർന്നപ്പോൾ സ്വാധീനവും അതിനനുസരിച്ച് വളർന്നു. പൊലീസ് സ്റ്റേഷനുകളിൽ സത്യദേവിന് വീര പരിവേഷം ലഭിച്ചു. പൊലീസിലും രാഷ്ട്രീയത്തിലും സത്യയുടെ ആളുകളുണ്ടായി.
മറ്റ് ഗുണ്ടാ സംഘങ്ങളുമായി ഏറ്റുമുട്ടലുകൾ ഉണ്ടാകുമ്പോൾ മാത്രമായിരുന്നു കൊലപാതകങ്ങൾ അരങ്ങേറിയത്. തോക്കുകൾ കൊണ്ടാണ് മറുപടി നൽകിയിരുന്നത്. ഏഴ് വർഷം മുൻപ് മുസ്ളീം യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു. ഇതിൽ അഞ്ച് വയസുള്ള ഒരു മകനുണ്ട്. അച്ഛനും അമ്മയും ഭാര്യയും മകനുമൊക്കെ സത്യദേവിന്റെ സംരക്ഷണയിൽ ആർഭാട ജീവിതമാണ് നയിക്കുന്നത്. കോടികളുടെ സമ്പാദ്യമുണ്ടെങ്കിലും ബിനാമി പേരുകളിലാണ് നിക്ഷേപിച്ചിട്ടുള്ളത്. വസ്തുവകകൾ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്.
ഭാര്യയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ പേരുകളിലാണ് ഇവ വാങ്ങിയിരുന്നത്. ഡൽഹിയിലെ അധികാര കേന്ദ്രമായി സത്യയും സംഘവും മാറുമ്പോഴും ഒരിക്കൽ പിടിക്കപ്പെടുമെന്ന ചിന്തയുണ്ടായതിനാലാണ് സത്യദേവ് സമ്പാദ്യം ബിനാമി പേരുകളിലേക്ക് മാറ്റിയിരുന്നതെന്നാണ് വിലയിരുത്തൽ.
ഇടയ്ക്ക് കൊല്ലം ബീച്ചിൽ സത്യദേവ് എത്തിയിരുന്നു. അവിടെവച്ച് പരിചയപ്പെട്ടയാളുവഴിയാണ് കൊല്ലത്ത് മോഷണം നടത്തുന്നതിനുള്ള ആദ്യ പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ വിശദാംശങ്ങളും പൊലീസ് തേടുന്നുണ്ട്. ഡൽഹിയിൽ സത്യയുടെ സംഘത്തിൽ നൂറിലധികമാളുകളുണ്ട്. മറ്റ് ഗുണ്ടാ സംഘങ്ങളുമായി വെടിവയ്പും അടിപിടിയും മിക്കപ്പോഴും ഉണ്ടാകാറുമുണ്ട്. അടുത്തിടെ സംഘത്തിലെ അംഗം വെടിയേറ്റ് മരിച്ചിരുന്നു. ഇതിന്റെ പ്രതികാരം ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് സത്യദേവ് പിടിയിലായത്.
സത്യദേവിനും മുൻപ് പലപ്പോഴും വെടിയേറ്റിട്ടുണ്ട്. ശരീരത്തിൽ ഇതിന്റെ അടയാളങ്ങളുമുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ആദ്യം സത്യദേവ് സഹകരിച്ചിരുന്നില്ല. ഭീഷണിപ്പെടുത്തുകയുമുണ്ടായി. ശാസ്ത്രീയമായ ചോദ്യം ചെയ്യലിലൂടെ ഒടുവിൽ സംഭവങ്ങൾ ഓരോന്നും സത്യദേവ് തുറന്ന് പറയുകയായിരുന്നു. അങ്ങനെയാണ് കൊല്ലത്തെ തോക്കുചൂണ്ടി കവർച്ചയുടെ ചുരുളഴിഞ്ഞത്. സുപ്രീം കോടതിയിലടക്കം സത്യദേവിന് വേണ്ടി വാദിക്കാൻ അഭിഭാഷകരുടെ നിര തന്നെയുണ്ട്. രണ്ട് കൊലപാതക കേസുകളടക്കം നിരവധി കേസുകൾ ഇപ്പോൾ സത്യദേവിന്റെ പേരിലുണ്ട്. നിയമത്തിന്റെ പഴുതുകൾ അടച്ചാണ് ഇപ്പോൾ അന്വേഷണ സംഘം തെളിവുകൾ ശേഖരിക്കുന്നത്. സത്യദേവിന്റെ സംഘത്തിലെ മറ്റുള്ളവരെ പിടിക്കാൻ പൊലീസ് ഡൽഹിയിലെത്തിയിട്ടുണ്ട് കുണ്ടറി സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം.