ഏരൂർ: ഗവ.എൽ.പി സ്കൂളിലെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് അഞ്ചു കുട്ടികൾക്ക് പരിക്ക്. കാര്യമായി ഉപയോഗിക്കാത്തതായതിനാൽ മാലിന്യത്തിൽ കുട്ടികൾ അകപ്പെട്ടില്ല. എന്നാൽ, രണ്ടു കുട്ടികൾക്ക് സ്ലാബിന് അടിയിൽപ്പെട്ട് പരിക്കേറ്റു.
ഏരൂർ ഷബാസ് മൻസിലിൽ സൈഫുദ്ദീൻ -ഷാനിഫ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാഹിൻ(7), ഏരൂർ ഗീതാ ഭവനിൽ ഉണ്ണി-കവിത ദമ്പതികളുടെ മകൻ അനുകൃഷ്ണ (7), ആലഞ്ചേരി ഹേമ നിവാസിൽ മിലൻ- അജി മിലൻ ദമ്പതികളുടെ മകൻ അശ്വിൻ ഹരി (6), തെക്കേ നെട്ടയം വി.കെ. ഹൗസിൽ ബിനു-കൃഷ്ണകുമാരി ദമ്പതികളുടെ മകൻ അഭിജിത്ത്.ബി.കൃഷ്ണ (6), അയിലറ രമ്യാഭവനിൽ ബിജു- സൗമ്യ ദമ്പതികളുടെ മകൻ അഭിനവ് (6) എന്നിവർക്കാണ് പരിക്കേറ്റത്.
സ്ലാബിന് അടിയിൽപ്പെട്ട അഭിജിത്തിനെയും അഭിനവിനെയും തിരുവനന്തപുരം എസ്.എ.ടിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ള മൂന്നു പേർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ല.
ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെ മൂത്രപ്പുരയ്ക്ക് പിന്നിലുള്ള സ്ലാബിന് മുകളിലൂടെ കടന്നുപോയ കുട്ടികളാണ് കുഴിയിൽപ്പെട്ടത്. കല്ലുകെട്ടി ഉറപ്പിക്കാതെ കുഴിയുടെ മുകളിൽ വെറും മണ്ണിൽ സ്ലാബ് സ്ഥാപിച്ചതാണ് അപകടം വരുത്തിവച്ചത്. വശങ്ങളിലെ മണ്ണിടിഞ്ഞ് സ്ലാബ് കുട്ടികൾക്കൊപ്പം അകത്തേക്ക് പതിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ അദ്ധ്യാപകർ നോക്കി നിൽക്കേ മറ്റൊരു സ്ലാബ് കുട്ടികൾക്ക് മുകളിലേക്ക് വീണതോടെ ഏവരും അങ്കലാപ്പിലായി. ബഹളവും നിലവിളിയും കേട്ട് പുറത്തുനിന്ന് ഓടിയെത്തിയ യുവാക്കളാണ് സ്ലാബ് ഉയർത്തി കുട്ടികളെ പുറത്തെടുത്തത്.മൂന്നുപേരെ ആദ്യമേ രക്ഷപ്പെടുത്തി. ഒരുകുട്ടി സ്ലാബിനടിയിൽ കിടക്കുന്നത് കണ്ട് സ്ലാബ് മാറ്റി രക്ഷിക്കാൻ തുടങ്ങുമ്പോഴാണ് മറ്റൊരു കുട്ടിയും അതിനടിയിൽ കിടക്കുന്നത് കണ്ടത്.
തൊട്ടടുത്ത ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യുവജനോത്സവം നടക്കുന്നതിനാൽ അവിടെയുണ്ടായിരുന്ന ഏരൂർ പൊലീസ് എത്തി ജീപ്പിൽ കുട്ടികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്നാണ് തലയ്ക്ക് പരിക്കുണ്ടായിരുന്ന അഭിജിത്ത്.ബി.കൃഷ്ണയെയും, ദേഹാസ്വാസ്ഥ്യം തോന്നിയ അഭിനവിനെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസിനു പുറമേ ഫയർഫോഴ്‌സും റവന്യൂ അധികാരികളും സ്ഥലത്തെത്തി. അഞ്ചലിലെ ആശുപത്രിയിൽ കഴിയുന്ന കുട്ടികളെ മറ്റ് അസ്വസ്ഥതകൾ ഇല്ലെങ്കിൽ ഇന്ന് വിട്ടയയ്ക്കും.