കുണ്ടറ: ചിറ്റുമല ക്ഷേത്രത്തിൽ നിന്ന് മതിലകത്തേക്കുള്ള ചിറവരമ്പിന്റെ ഇരുഭാഗവും കാടുമൂടി യാത്രക്കാർക്ക് നടക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. ചിറ്റുമല ദേവീക്ഷേത്രത്തിൽ നിന്ന് മതിലകം, ഉപ്പൂട് സ്കൂളുകളിലും, കശുഅണ്ടി ഫാക്ടറികളിലേക്കും പോകുന്ന നൂറുകണക്കിന് നാട്ടുകാരാണ് ദിവസവും ചിറവരമ്പ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ചിറവരമ്പ് വൃത്തിയാക്കി കയർ ഭൂവസ്ത്രമണിയിച്ചിരുന്നു. ലക്ഷങ്ങൾ ചെലവാക്കിയാണ് വരമ്പ് സഞ്ചാരയോഗ്യമാക്കിയത്.
റോഡ് കാടായതോടെ ഇവിടം ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമായിരിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ചിറ്റുമല, കിഴക്കേകല്ലട കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ ചന്ദ്രൻ കല്ലട, സ്റ്റീഫൻ പുത്തേഴത്ത്, വിനോദ്, ഷാജി, കോശി അലക്സ് എന്നിവർ സംസാരിച്ചു.