ഏരൂർ : സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് കുട്ടികൾ അപകടത്തിൽ പെട്ടതിന് പിന്നിൽ നിർമ്മാണത്തിലെ അപാകതയും സ്ലാബിന്റെ കാലപ്പഴക്കുമാണെന്ന് സൂചന. 20 വർഷത്തോളം പഴക്കമുള്ളതാണ് സ്ലാബ്. വശങ്ങൾ കല്ലുകെട്ടാതെ വെറും മണ്ണിലാണ് സ്ലാബ് സ്ഥാപിച്ചിരുന്നത്. ഈ സ്ലാബിന് മുകളിലൂടെയാണ് കുട്ടികൾ മൂത്രപ്പുരയിൽ കയറുന്നതും കൈ കഴുകാൻ പൈപ്പിനടുത്തേക്ക് പോകുന്നതും. ഇന്നലെ ഇതിനു മുകളിലൂടെ കുട്ടികൾ നടക്കുമ്പോൾ സ്ലാബിന്റെ ഒരുവശം കുഴിയിലേക്ക് ചരിഞ്ഞ് കുട്ടികൾ കുഴിക്കുള്ളിൽ വീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കുട്ടികൾ സ്ലാബിനടിയിലായത് കണ്ട അദ്ധ്യാപകരുടെ നിലവിളികേട്ടാണ് പുറത്തുനിന്നും യുവാക്കൾ ഓടിയെത്തിയത്. അവർ ഒരു സ്ലാബ് തള്ളിമാറ്റി കുട്ടികളെ പുറത്തെടുത്തു. അപ്പോഴേക്കും അവിടെയെത്തിയ ഏരൂർ പൊലീസ് ഇൻസ്പെക്ടർ സുഭാഷ് കുമാർ, എസ്.ഐമാരായ ദീപു, ഷാനവാസ്, എ.എസ്.ഐ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുട്ടികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിമിഷനേരം കൊണ്ട് സ്കൂളും പരിസരവും ജനങ്ങളെകൊണ്ട് നിറഞ്ഞു. രക്ഷകർത്താക്കളും ബന്ധുക്കളും നാട്ടുകാരും സ്കൂളിലേക്ക് പാഞ്ഞെത്തുകയായിരുന്നു. പരിക്കുകൾ ഗുരുതരമല്ലെന്നറിഞ്ഞിട്ടും പിരിഞ്ഞുപോകാൻ രക്ഷകർത്താക്കളോ പൊതുജനങ്ങളോ കൂട്ടാക്കിയില്ല. തങ്ങളുടെ കുട്ടികളെ കാണുവാനുള്ള പരക്കംപാച്ചിലായിരുന്നു. കുട്ടികളെ എത്തിച്ച അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തലനാരിഴയ്ക്ക് ഒഴിവായ ദുരന്തം നാട്ടുകാരിലും രക്ഷകർത്താക്കളിലും ആശ്വാസം പകരുന്നുണ്ടെങ്കിലും അവരുടെ നടുക്കം മാറിയിട്ടില്ല.