navas
പടിഞ്ഞാറേ കല്ലട വെട്ടോലിൽ കടവിൽ അടിഞ്ഞിരിക്കുന്ന ആഫ്രിക്കൻ പായൽ

ശാസ്താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തിൽ ആഫ്രിക്കൻ പായൽ ക്രമാതീതമായി വളരുന്നതും മറ്റ് ചെറിയ സസ്യങ്ങളുടെ വളർച്ചയും ആശങ്ക പരത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെറിയ തോതിൽ മാത്രം കണ്ടിരുന്ന ആഫ്രിക്കൻ പായൽ തടാകത്തിലെ രാജഗിരി കതിര മുനമ്പ്, വെട്ടോലിൽ കടവ്, ആദിക്കാട് പമ്പ് ഹൗസ് മേഖലകളിലാണ് കൂടുതലായി വ്യാപിച്ചുകൊണ്ടിരിക്കുന്നത്. പടിഞ്ഞാറേ കല്ലട വെട്ടോലിൽ കടവ് ഭാഗത്ത് പായൽ പെരുകിയതോടെ കടത്തുവള്ളങ്ങൾ കരയ്ക്ക് അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മറ്റു ജലാശയങ്ങളിൽ മത്സ്യബന്ധനത്തിന് ഉപയോഗിച്ച വലയും മറ്റും ഉപയോഗിച്ച് തടാകത്തിൽ മത്സ്യ ബന്ധനം നടത്തിയതാണ് തടാകത്തിൽ പായലുണ്ടാകാനുള്ള കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ജലത്തിന് നിറവ്യത്യാസം

ആദിക്കാട് പമ്പ് ഹൗസ് മേഖലയിൽ പായൽ വ്യാപിച്ചതിനാൽ ജലത്തിന് നിറവ്യത്യാസവും ദുർഗന്ധവും അനുഭവപ്പെടുന്ന അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി പേർ കുടിവെള്ളമായി ഉപയോഗിക്കുന്ന തടാകത്തിൽ ക്രമാതീതമായി ആഫ്രിക്കൽ പായൽ പടർന്നിട്ടും ജല അതോറിറ്റി യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

തടാകത്തിലെ പായലുകളുടെ സാന്നിദ്ധ്യം തടാകത്തിലെ ജലം മലിനപ്പെടുന്നതിന്റെ സൂചനയാണെന്ന് വിവിധ പഠന റിപ്പോർട്ടുകൾ മുമ്പ് പുറത്തു വന്നിരുന്നു. പായലുകളുടെ സാന്നിദ്ധ്യം കണ്ട സമയത്തു തന്നെ ആവശ്യമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല

കായൽ സംരക്ഷണ പ്രവർത്തകർ

സർക്കാർ തലത്തിൽ നടപടിയില്ല

കായൽ സംരക്ഷണത്തിനായി സോഷ്യൽ മീഡിയയിൽ രൂപപ്പെട്ട കൂട്ടായ്മയും വിവിധ സന്നദ്ധ പ്രവർത്തകരും പായൽ നീക്കാൻ നടത്തിയ ശ്രമങ്ങളല്ലാതെ സർക്കാർ തലത്തിൽ കായൽ സംരക്ഷണത്തിനായി യാതൊരു നടപടിയുമില്ല. തടാക സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ പദ്ധതി രൂപീകരിക്കുകയും പായൽ നീക്കം ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായി ഏജൻസിയെ ചുമതലപ്പെടുത്തിയതായുള്ള പ്രഖ്യാപനങ്ങൾ വന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.