കൊട്ടിയം: വീടുകൾ തോറും ചുരിദാർ വില്പനയ്‌ക്കായി എത്തുന്ന യുവാവ് വീടുകയറി യുവതിയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. ഇതര സംസ്ഥാനക്കാരനായ പ്രതിക്കെതിരെ പള്ളിമുക്ക് സ്വദേശിയായ യുവതിയാണ് ഇരവിപുരം പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ചുരിദാർ വേണ്ടെന്ന് പറഞ്ഞ് വീട്ടിനുള്ളിലേയ്ക്ക് കയറിയ യുവതിയുടെ പിന്നാലെയെത്തിയയാൾ യുവതിയെ കടന്നുപിടിച്ചു. ഇയാളെ തള്ളി മാറ്റിയ യുവതി വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചതോടെ പ്രതി ഇറങ്ങിയോടുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
പാന്റും കോട്ടുമൊക്കെ ധരിച്ച് വീടുകൾ തോറും കയറിയിറങ്ങി കച്ചവടം നടക്കുന്ന ഇയാൾക്കെതിരെ മറ്റ് ചിലർക്കും പരാതിയുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ കേസിന്റെ നൂലാമാലകളിൽ പെടാതിരിക്കാനും അപമാന ഭയം മൂലവുമാണ് പലരും പരാതി നൽകാത്തതെന്ന് നാട്ടുകാർ പറയുന്നു.
നാല് ദിവസം മുമ്പും ഈ യുവാവ് പരാതിക്കാരിയായ യുവതിയുടെ വീട്ടിൽ ചുരിദാറുമായി എത്തിയപ്പോൾ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിരുന്നു. ഇതോടെ വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസിലാക്കിയതിനാലാണ് ഇയാൾ വീണ്ടും ഇവിടെയെത്തിയതെന്നാണ് വീട്ടുകാർ കരുതുന്നത്. യുവതി നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.