ranthal
Ranthal

അഞ്ചാലുംമൂട്: കോർപ്പറേഷൻ അഞ്ചാലുംമൂട് സോണൽ ഓഫീസ് പരിസരത്തെ തെരുവ് വിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. നഗരത്തിലെ കേടായ തെരുവ് വിളക്കുകൾ നഗരസഭ പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.

സോണൽ ഓഫീസ് സ്ഥിതി ചെയ്യുന്ന തൃക്കടവൂർ റോഡിൽ അഞ്ചാലുംമൂട് ജംഗ്ഷൻ മുതൽ മുരിങ്ങമൂട് വരെ 15 ഓളം തെരുവ് വിളക്കുകളുണ്ട്. ഇതിൽ ഒന്നോ രണ്ടോ എണ്ണം മാത്രമാണ് കത്തുന്നത്. ബാക്കിയുള്ളവ കേടായിട്ട് ഏഴ് മാസത്തിലേറെയായി.

റോഡ് വക്കിലെ കടകളകിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ഈ ഭാഗത്ത് ആകെയുള്ളത്.

കടകളടച്ചാൽ പിന്നീട് ഈ റോഡിൽ ഒരു തരി വെളിച്ചം പോലുമുണ്ടാകില്ല. അതിനാൽ അപകടങ്ങളും പതിവാണ്. തിരക്കേറിയ ഈ റോഡിൽ ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽ പെടുന്നത്. കുറ്റാക്കുറ്റിരുട്ടായതിനാൽ ഇതുവഴി സഞ്ചരിക്കാൻ കാൽനടക്കാരും ഭയക്കുകയാണ്. ഈ റോഡിന്റെ ഒരുവശം അഞ്ചാലുംമൂട് ഡിവിഷനും മറുവശം കടവൂരുമാണ്. അതുകൊണ്ട് തന്നെ കൗൺസിലർമാരും തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.