fir
ഇടമൺ-34 ഇടത്തറപച്ചയിൽ തീ പിടിച്ച് കത്തി നശിച്ച റബർ പുകപ്പുര..

പുനലൂർ: തെന്മല പഞ്ചായത്തിലെ ഇടമൺ-34ൽ റബർ പുകപ്പുരയ്ക്ക് തീ പിടിച്ച് 700 കിലോ ഗ്രാം ഉണങ്ങിയ റബറും, പുകപ്പുരയും പൂർണമായും കത്തി നശിച്ചു. ഇടമൺ-34 ഇടത്തറപച്ച മംഗലത്ത് വീട്ടിൽ പരേതനായ രമേശന്റെ ഭാര്യ ബിജിയുടെ വീടിനോട് ചേർന്ന പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. രാവിലെ ഷീറ്റ് ഉണക്കാൻ തീയിട്ട ശേഷം ബിജി തൊഴിലുറപ്പ് ജോലിക്ക് പോയി. ആ സമയം തീ ആളിപ്പടരുകയായിരുന്നു. സംഭവം കണ്ട അയൽവാസികൾ ഫയർഫോഴ്സിൽ വിവരം അറയിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും തീ പിടിച്ച സ്ഥലത്തേക്കുള്ള ചെറിയ റോഡ് വഴി വാഹനം കടന്ന് പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് സമീപത്ത് സ്ഥാപിച്ചിരുന്ന മോട്ടോർ ഉപയോഗിച്ചാണ് വെളളം പമ്പ് ചെയ്തു തീ കെടുത്തിയത്.