pinapple
മലനട ഭാഗത്ത് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കൈതക്കൃഷിക്കായുള്ള സ്ഥലം പാകപ്പെടുത്തുന്നു

പത്തനാപുരം: പിറവന്തൂർ ഗ്രാമ പഞ്ചായത്തിൽ കമുകുംചേരി മലനട ഭാഗത്തെ മൂന്ന് ഏക്കർ സ്ഥലത്ത് കൈതക്കൃഷി ചെയ്യുന്നതിന് മുന്നോടിയായി മാരകമായ കീടനാശിനി ഉപയോഗിക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭവുമായി രംഗത്ത്. മലനട ക്ഷേത്രം, അംഗൻവാടി, ആയുർവേദ ആശുപത്രി എന്നിവയ്ക്ക് സമീപത്തായാണ് കീടനാശിനിപ്രയോഗത്തിൽ കൈതക്കൃഷി ചെയ്യാൻ ശ്രമിക്കുന്നത്. കുട്ടികളും ഗർഭിണികളും പ്രായമായവരും ഉൾപ്പടെയുള്ള നിരവധി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. സ്വകാര്യ ഭൂഉടമകളിൽ നിന്ന് രണ്ടും മൂന്നും വർഷത്തെ കാലയളവിലേക്ക് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന സംഘങ്ങൾ നിരവധിയാണ്. കോട്ടയം, മൂവാറ്റുപുഴ, മുണ്ടക്കയം, എരുമേലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് കൃഷി നടത്തുന്നതിലധികവും.

നാട്ടുകാർക്ക് രോഗം വരുത്തുന്ന രീതിയിലെ അനധികൃത കൃഷിരീതികൾ തടയാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണം. കൈതക്കൃഷിക്ക് എതിരെ പ്രദേശ വാസികൾ ശക്തമായ പ്രക്ഷോഭം തുടരുകയാണ്.

വിഷയത്തിൽ അരോഗ്യ വകുപ്പും പഞ്ചായത്തും ഇടപെടണം.

ചേത്തടി ശശി ( കെ.പി.സി.സി വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ)

പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിൽ കൈതക്കൃഷി ചെയ്യുന്നതിന് മുന്നോടിയായി കീടനാശിനി പ്രയോഗം നടത്തുന്നവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണം.

ബിനു സുരേന്ദ്രൻ. (എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി,സൈബർ സേന ചെയർമാൻ)

പ്രദേശവാസികൾ പറയുന്നു....

സ്വകാര്യ ഭൂഉടമകളിൽ നിന്ന് രണ്ടും മൂന്നും വർഷത്തെ കാലയളവിലേക്ക് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന സംഘങ്ങൾ ആറു മാസമാകുമ്പോഴേക്കും വിളവെടുപ്പിന് പാകമാകുന്ന രീതിയിൽ കീടനാശിനി പ്രയോഗം നടത്തുന്നുണ്ട്. പെട്ടെന്ന് കായ്ക്കാനും മുഴുപ്പിക്കാനുമായി പ്രത്യേകം കീടനാശിനി പ്രയോഗം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാരകമായ വിഷപ്രയോഗം നടത്തില്ലെന്ന് പറഞ്ഞ് കൃഷി ആരംഭിക്കുകയും പിന്നീട് മാരകമായ കീടനാശിനി പ്രയോഗിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നത്.

ആരോഗ്യ വകുപ്പിന് പരാതി നൽകി

മുൻപ് ഇതേ സ്ഥലത്തിനോട് ചേർന്ന് കൈതക്കൃഷി ചെയ്യുകയും കീടനാശിനി പ്രയോഗത്തിലൂടെ കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസതടസം, ആസ്മ, ദേഹം ചൊറിഞ്ഞ് പൊട്ടൽ തുടങ്ങി സാരമായ രോഗങ്ങൾ ( അലർജി ) ഉണ്ടാവുകയും ചെയ്തിരുന്നു. അന്ന് നാട്ടുകാർ ഇടപെട്ട് കൃഷി തടയുകയായിരുന്നു. വീണ്ടും കീടനാശിനി പ്രയോഗത്തിലൂടെയുള്ള കൈതക്കൃഷി ആരംഭിക്കുന്നതിനെതിരെ കക്ഷി രാഷട്രീയ ഭേദമന്യേ പ്രദേശവാസികൾ പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും പരാതി നൽകിയിരിക്കുകയാണ്.