photo
ആലുംകടവിലെ കുടിവെള്ള പദ്ധതിയുടെ നിർമ്മാോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എം. ശോഭന നിർവഹിക്കുന്നു

കരുനാഗപ്പള്ളി: നഗരസഭയുടെ തീരപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 40 ലക്ഷം രൂപ മുതൽ മുടക്കി നഗരസഭ നിർമ്മിക്കുന്ന കുഴൽ കിണറുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആലുംകടവിൽ തുടക്കമായി. ആലുംകടവ് കൂടാതെ കോഴിക്കോട് എസ്.വി മാർക്കറ്റിലും കുഴൽ കിണർ നിർമ്മിക്കും. രണ്ട് കുഴൽ കിണറുകളും പൂർത്തിയാകുന്നതോടെ വർഷങ്ങളായി കനാൽ തീരങ്ങളോട് ചേർന്ന് കിടക്കുന്ന തീരങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. രണ്ട് സ്ഥലങ്ങളിലും നിവലിലുണ്ടായിരുന്ന കുഴൽ കിണറുകൾ പ്രവർത്തന രഹിതമായതോടെയാണ് പുതിയ പദ്ധതിക്ക് നഗരസഭ ഫണ്ട് അനുവദിച്ചത്. നിലവിൽ ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വെള്ളമാണ് കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത്. ആലുംകടവിൽ സംഘടിപ്പിച്ച നിർമ്മാണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ എം. ശോഭന നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, ഡിവിഷൻ കൗൺസിലർ സുനിതാ സലിംകുമാർ, ബോധോദയം ഗ്രന്ഥശാലാ പ്രസിഡന്റ് ബി. ആനന്ദൻ, സെക്രട്ടറി എൻ. ഉത്തമൻ, അഡ്വ. ടി.പി. സലിംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിനാണ് നിർമ്മാണ ചുമതല.