പുനലൂർ: നൂറു കണക്കിന് പഠിതാക്കളും, സാമൂഹിക, സാംസ്ക്കാരിക, കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്ത സാംസ്ക്കാരിക ഘോഷയാത്രയോടെ രണ്ടു ദിവസത്തെ തുടർ വിദ്യാഭ്യാസ ജില്ലാ കലോത്സവത്തിന് പുനലൂരിൽ തിരി തെളിഞ്ഞു. ടി.ബി.ജംഗ്ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര കെ.എസ്.ആർ.ടി.സി, വൈദേഹി ജംഗ്ഷനുകൾ, പോസ്റ്റ് ഓഫിസ് കവല ചുറ്റി തിരികെ പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ സമാപിച്ചു.ബാന്റ്മേളം, വാദ്യമേളങ്ങൾ, മുത്തുക്കുട, നിശ്ചല ദൃശ്യങ്ങൾ,തെയ്യം തുടങ്ങിയവ ഘോഷയാത്രയ്ക്ക് മികവേകി. വൈകിട്ട് 5ന് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി കലോത്സവത്തിന് തിരി തെളിയിച്ചു.നഗരസഭാ ചെയർമാൻ കെ.രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കാഷ്യൂകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മുഖ്യപ്രഭാഷണം നടത്തി.മുൻ എം.എൽ.എമാരായ പി.എസ്.സുപാൽ, പുനലൂർ മധു എന്നിവർ മുഖ്യാതിഥികളായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീലേഖ വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.രാജൻ, ആർ.ലൈലജ, ജില്ലാ പഞ്ചായത്ത് അംഗം ബി.സരോജാദേവി, എം.എ.രാജഗോപാൽ, നെൽസൺ സെബാസ്റ്റ്യൻ, സാബു അലക്സ്, എസ്.സുബിരാജ്,സുഭാഷ് .ജി.നാഥ്,ഡി.ശാന്ത തുടങ്ങിയവർ സംസാരിച്ചു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, കായിക താരം ഇടമൺ തോമസ് കുട്ടി, ഫോട്ടോഗ്രാഫർ അരുൺ പുനലൂർ എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാൽ ചടങ്ങിൽ ആദരിച്ചു.നഗരസഭ ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ സ്വാഗതവും, ജനൽ കൺവീനർ സി.കെ.പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.
ഇന്ന് രാവിലെ 9 മുതൽ നാടോടി നൃത്തം, ഭരതനാട്യം, നാടൻ പാട്ട്, ദേശ ഭക്തിഗാനം, സംഘനൃത്തം, ഒപ്പന, തിരുവാതിര, കോൽകളി, കഥാപ്രസംഗം, പദ്യപാരായണം, മിമിക്രീ, മോണോആക്ട്, ചിത്രരചന, സാക്ഷരത ഗാനം, കയ്യേഴുത്ത്, പ്രസംഗം തുടങ്ങിയ വിവിധ മത്സരങ്ങൾ മൂന്ന് വേദികളിലായി നടക്കും. തുടർന്ന് വൈകിട്ട് 5ന് ചേരുന്ന സമാപന സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.